പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്
ദില്ലി: ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിൽ രണ്ടെണ്ണത്തിനെ ക്വാറന്റീനിന് ശേഷം വിശാലമായ സ്ഥലത്തേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചീറ്റകൾ ആരോഗ്യത്തോടെ കഴിയുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം ചീറ്റകളിൽ ഒന്നായ ആശയുടെ ഗർഭം അലസിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. സെപ്റ്റംബർ അവസാനത്തോടെ പ്രസവിക്കേണ്ടിയിരുന്ന ആശ, നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. തുടർന്നാണ് ആശയുടെ ഗർഭം അലസിയതായി സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥലം മാറിയതിനെ തുടർന്നുള്ള സമ്മർദ്ദം കാരണമാകാം ഗർഭം അലസിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യന്‍ മണ്ണില്‍ ചീറ്റകൾ എത്തിയത് 70 വർഷത്തിന് ശേഷമാണ്. മുള്ളുവേലി കെട്ടി തിരിച്ച പ്രത്യേക സ്ഥലത്താവും ഒരു മാസം ചീറ്റകളെ ക്വാറന്റീനിൽ നിർത്തിയത്. ചീറ്റകളുടെ കഴുത്തിൽ സാറ്റലൈറ്റ് ചിപ്പ് ഘടിപ്പിച്ച കോളറുമുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ സംസ്കാരത്തിൻറെ ഭാഗമായിരുന്നു ചീറ്റപ്പുലികൾ. ഇവിടുത്തെ അന്തരീക്ഷവുമായി ഇവ ഇണങ്ങും എന്ന പ്രതീക്ഷയിലാണ് സർക്കാരും വിദഗ്ധരുമുള്ളത്.
