ഗുവാഹതി: അസ്സമിലെ ടിന്‍സുകിയ ജില്ലയില്‍ എണ്ണക്കിണറിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു. തീപീടുത്തം അണയ്ക്കാനെത്തിയ അഗ്നിശമനസേന അംഗങ്ങളാണ് മരിച്ചത്.  ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിനാണ് തീ പിടിച്ചത്. 14 ദിവസമായി ഇവിടെ വാതക ചോർച്ചയുണ്ടായിരുന്നു. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

സിങ്കപ്പൂരില്‍ നിന്നെത്തിയ വിദഗ്ദസംഘം തീ അണക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയെ സഹായിക്കുന്നുണ്ട്. എണ്ണക്കിണറിന് ഒന്നര കിലോമീറ്റർ ചുറ്റളവില്‍ നിന്ന് ആറായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ദുരന്ത ബാധിതരായ കുടുംബങ്ങൾക്ക് മുപ്പതിനായിരം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. സംഭവത്തിൽ, സംസ്ഥാന സർക്കാർ കേന്ദ്രസ‍ർക്കാരിന്‍റെ ഇടപെടൽ ആഭ്യർത്ഥിച്ചിട്ടുണ്ട്.