വിവാദങ്ങൾക്കിടെ സുപ്രീംകോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ ഇന്ന് സ്ഥാനമേൽക്കും. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് ചുമതലയേൽക്കുന്നത്
ദില്ലി: വിവാദങ്ങൾക്കിടെ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുക. ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊളിജീയത്തിലെ തർക്കത്തിനിടെയാണ് നിയമനം നടത്താൻ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമന പ്രക്രിയയിൽ കൊളീജിയത്തിനുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് കൊളിജിയത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് അറിയിച്ചത്. കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുന്നതാണ് ജസ്റ്റിസ് പഞ്ചോലിയുടെ നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗരത്ന വിയോജിച്ചത്. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോലിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ വാദം. ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയെന്ന കാര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. പക്ഷേ മറ്റ് നാല് അംഗങ്ങൾ പഞ്ചോലിയുടെ നിയമനത്തെ പിന്തുണച്ചതിനാൽ 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെട്ടു. ഈ ശുപാർശയാണ് അതിവേഗം കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവും പുറപ്പെടുവിച്ച് ഇന്ന് സത്യപ്രതിഞ്ജ നടക്കുന്നത്.
അതേസമയം സുപ്രീം കോടതിയിലെ പുതിയ ജഡ്മിമാരുടെ നിയമനത്തിനെതിരെ മുൻ ജഡ്ജി അഭയ് എസ് ഓക രംഗത്തെത്തി. ജസ്റ്റിസ് ബി വി നാഗരത്നയുടെ വിയോജനക്കുറിപ്പ് പുറത്തു വിടണമെന്നാണ് ആവശ്യം. കൊളീജീയം യോഗത്തിൽ ജസ്റ്റിസ് നാഗരത്ന നിയമനത്തിൽ എതിർപ്പ് അറിയിച്ചെങ്കിലും വിയോജനക്കുറിപ്പ് പുറത്തുവിട്ടില്ല. ശുപാർശ സംബന്ധിച്ച് വാർത്തകുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും മറ്റു വിശാദംശങ്ങൾ സുപ്രീംകോടതി വെബ്സെറ്റിൽ നൽകിയിട്ടില്ല. രണ്ട് വർഷം മുൻപ് കേന്ദ്രവും കൊളീജീയവും തമ്മിൽ നിയമനതർക്കം നടന്നപ്പോൾ കൊളീജീയം യോഗത്തിന്റെ വിശദവിവരങ്ങൾ പുറത്തിവിട്ടിരുന്നു. ഇതേരീതിയിൽ ജസ്റ്റിസ് നാഗരത്നയുടെ വിയോജനക്കുറിപ്പും പുറത്തുവിടണമെന്നാണ് മുൻ ജഡ്ജി അഭയ് എസ് ഓക വ്യക്തമാക്കുന്നത്. മൂന്ന് സീനിയർ വനിത ജഡ്ജിമാരെ മറികടന്നുള്ള നിയമനത്തെ പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗും ചോദ്യം ചെയ്തിരുന്നു. സുത്യാരത ഉറപ്പാക്കാൻ ഇത് അനിവാര്യമെന്ന വികാരം ശക്തമാകുകയാണ്.
അതിനിടെ ബോംബൈ ഹൈക്കോടതി അഡീ. ജഡ്ജിമാരായി 14 പേരെ നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍ഖെ ബന്ധുവായ രാജ് ദമോദർ വക്കോഡെയുടെ ഉൾപ്പെടെ നിയമന ശുപാർശയാണ് കേന്ദ്രം അംഗീകരിച്ചത്. ഇതിനിടെ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജിശരദ് കുമാർ ശർമ പിൻമാറിയതിൽ സുപ്രീംകോടതി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തലിൽ ആണ് അന്വേഷണം. വിഷയത്തിൽ റിപ്പോർട്ട് തേടിയ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിർദ്ദേശിച്ചു.

