ബിജെപിയുമായി ഭിന്നതയില്ല. എന്നാൽ എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് ആകണമെന്നില്ലെന്ന് മോഹൻ ഭാഗവത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. താനോ മറ്റാരെങ്കിലുമോ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നിടത്തോളം തുടരും. നേതാക്കൾ 75ാം വയസിൽ വിരമിക്കണമെന്ന മോഹൻ ഭാഗവതിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു. ബിജെപിയുമായി ഭിന്നതയില്ലെന്ന് ഭാഗവത് പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് ആകണമെന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ബി ജെ പിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ല. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു. ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതിൽ ആർഎസ്എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

മൂന്നിൽ താഴെ ജനന നിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നതായും മോഹൻ ഭാഗവത് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിനാൽ എല്ലാ ദമ്പതികളും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ പ്രായത്തിൽ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികൾക്ക് ജന്മം നൽകുകയും വേണം. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ അഹംഭാവത്തെ നിയന്ത്രിക്കാൻ പഠിക്കും. ഇത് ഭാവിയിൽ അവരുടെ കുടുംബ ജീവിതത്തിൽ സഹായകരമാകുമെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.