ഇന്ത്യ, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതാണ് പിഴ അടക്കം 50 ശതമാനം താരിഫ് ചുമത്താൻ കാരണമായി യുഎസ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.
വാഷിങ്ടൺ : താരിഫുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരമുണ്ടാകാതെ ഇന്ത്യയുമായി വ്യാപാര കരാറോ അതിന്മേൽ ചർച്ചകളോ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ചുമത്തിയ ശേഷവും ഇന്ത്യ വഴങ്ങുന്നില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതാണ് പിഴ അടക്കം 50 ശതമാനം താരിഫ് ചുമത്താൻ കാരണമായി യുഎസ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.
ഉയർന്ന താരിഫുകൾ ആരംഭിക്കുന്നതിനുമുമ്പ് ഒരു കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും യുഎസും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചകൾ നിലവിലെ സാഹചര്യത്തിൽ തുടരില്ലെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയുടെ ഇറക്കുമതികൾ യുഎസ്സിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നത് ലക്ഷ്യമിട്ടാണെന്നും അമേരിക്ക ആരോപിക്കുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധമാണ് അടിയന്തര നടപടികൾക്ക് ന്യായീകരണമായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിക്കുന്നത്. 25 ശതമാനം താരിഫ് ആഗസ്റ്റ് 7 ന് നിലവിൽ വന്നു. ഇന്ത്യയിൽ നിന്നും എത്തുന്ന സാധനങ്ങൾക്ക് പിഴ താരിഫായ 25 ശതമാനം അടുത്ത 21 ദിവസങ്ങൾക്കുള്ളിലുണ്ടാകും.
ട്രംപിന്റെ ഈ തീരുമാനത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. യു എസ് നീക്കം അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങൾ സാമ്പത്തിക പരിഗണനകളും 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
പുതിയ താരിഫ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത നിലപാട് സ്വീകരിച്ചു. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വലിയ വില നൽകേണ്ടിവരുമെന്ന് അറിയാമെന്നും, എന്നാൽ അതിന് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 50 ശതമാനം താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
