സാംഗ്രൂര്‍(പഞ്ചാബ്): പഞ്ചാബിലെ സാംഗ്രൂരിലെ  ഭഗ്വന്‍പുര ഗ്രാമത്തില്‍ രണ്ട് വയസ്സുകാരന്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ടിട്ട് നാല് ദിവസം പിന്നിട്ടു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഫത്തേവീര്‍ സിംഗ് എന്ന ബാലനാണ് വ്യാഴാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. 

തുണികൊണ്ട് മൂടിയ കുടിയ കുഴല്‍ക്കിണറില്‍ ബാലന്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഞായറാഴ്ച കുട്ടിയുടെ അടുത്തെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പുറത്തെടുക്കാനായില്ല. 

കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നു. ഓക്സിജന്‍ മാത്രമാണ് നല്‍കാനാകുന്നതെന്നും അധികൃതര്‍ പറഞ്ഞു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതിനിടെ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. മൂന്ന് ദിവസം പിന്നിട്ടിട്ടും കുട്ടിയെ രക്ഷിക്കാനാകാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചാബ് പിഡബ്ല്യുഡി മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല പറഞ്ഞു. പ്രദേശത്തേക്ക് രാഷ്ട്രീയ, സാമൂഹക പ്രവര്‍ത്തകര്‍ എത്തി.