മുംബൈ: മഹാരാഷ്ട്ര നാസിക്കിലെ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി. കൂട്ടിയിടിച്ച വാഹനങ്ങള്‍ കിണറ്റിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബസിൽ 30 പേരും ഓട്ടോയിൽ ഏഴ് പേരും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

മലേഗാവ്-കാൽവൺ റൂട്ടിലോടുന്ന മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് ടയർ പഞ്ചറായതോടെ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റോഡരികിലെ കിണറ്റിലേക്ക് ഇരുവാഹനങ്ങളും വീണു. അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ വഹിക്കും. രക്ഷാപ്രവർത്തനം തുടരുകയാണ്.