Asianet News MalayalamAsianet News Malayalam

ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 20 യാത്രക്കാര്‍ വെന്തുമരിച്ചു, 21 പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പര്‍ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. 

20 passenger dead after bus catches fire in Uttar Pradesh
Author
Kannauj, First Published Jan 11, 2020, 10:01 AM IST

കനൗജ്(ഉത്തര്‍പ്രദേശ്): ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി ഗ്രാമത്തിനടുത്താണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ 46 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പര്‍ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഫാറൂഖാബാദില്‍നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടമുണ്ടാകുമ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. വാതിലുകളും ജനലുകളും തുറക്കാന്‍ സാധിക്കാത്തതും അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 'കനൗജിലുണ്ടായ അപകടം ദു:ഖത്തിലാഴ്ത്തി. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നു'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനമറിയിച്ചു. 

നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്. 21 പേരെ സാഹസികമായി രക്ഷപ്പെടുത്തി. തീയണച്ച ശേഷം ജീവനോടെ ആരെയും കണ്ടെത്താനായില്ലെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് ബസില്‍ നിരവധിപേരുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. 
 

Follow Us:
Download App:
  • android
  • ios