മുഖത്തെ അൽപഭാ​ഗമൊഴിച്ച് ബാക്കി ശരീരഭാ​ഗമെല്ലാം മണ്ണാൽ മൂടപ്പെട്ടിരുന്നു. അഞ്ച് മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ കണ്ടെത്തും വരെ തുനേജ ജീവനായി പൊരുതി.

ദില്ലി: മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അഞ്ച് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി യുവതി. ഹിമാചൽപ്രദേശിലെ മാണ്ഡിയിലാണ് സംഭവം. സെറാജ് താഴ്‌വരയിലെ ഷാരൺ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട 20 വയസ്സുള്ള തുനേജ താക്കൂറാണ് ഏവരെയും അത്ഭുതപ്പെടുത്തി മരണത്തെ സ്വന്തം ഇച്ഛാശക്തികൊണ്ട് തോൽപ്പിച്ചത്. മുഖം മണ്ണ് മൂടുന്നത് കൈകൾ കൊണ്ട് തടഞ്ഞ്, ശ്വസിക്കാനുള്ള മാർ​ഗം കണ്ടെത്തിയാണ് തുനേജ മരണത്തെ തോൽപ്പിച്ചത്. മുഖത്തെ അൽപഭാ​ഗമൊഴിച്ച് ബാക്കി ശരീരഭാ​ഗമെല്ലാം മണ്ണാൽ മൂടപ്പെട്ടിരുന്നു, അഞ്ച് മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ കണ്ടെത്തും വരെ തുനേജ ജീവനായി പൊരുതി.

അവളുടെ കുടുംബവും ഗ്രാമവാസികളും അഞ്ച് മണിക്കൂർ നേരം അവളെ തിരഞ്ഞു. മണ്ണിനുള്ളിൽ ഒരു ജീവിതകാലം മുഴുവൻപെട്ടതു പോലെ തോന്നിയെന്നും എങ്ങനെയെങ്കിലും ജീവനോടെ പുറത്തുവരണമെന്ന ആ​ഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തുനേജ പറഞ്ഞു. മാതാപിതാക്കളാണ് തുനേജയെ കണ്ടെത്തിയത്.

മാണ്ഡിയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജൂൺ 30 മുതൽ ജൂലൈ 1 വരെയുള്ള മേഘവിസ്ഫോടനം ഏറ്റവും കൂടുതൽ ബാധിച്ച ഗ്രാമങ്ങളിലൊന്നിൽ ഇവിടമാണ്. എല്ലാവരും പുറത്തേക്ക് ഓടി. മഴ പെയ്യുന്നുണ്ടായിരുന്നു, വീടുകളിലേക്ക് വെള്ളം കയറുന്നുണ്ടായിരുന്നു. ആളുകൾ പരിഭ്രാന്തരായി നിലവിളിച്ചു. സുരക്ഷിതമായ ഒരു സ്ഥലം തേടി ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ പെട്ടെന്ന് വീടിന്റെ മൂലയ്ക്ക് സമീപത്തെ മണ്ണ് എന്റെ മേൽ ഇടിഞ്ഞുവീണെന്നും തുനേജ പറഞ്ഞു. ഹിമാചൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂറും തുനേജയെ സന്ദർശിച്ചു.