Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിൽ 'പുൽവാമ മോഡൽ' സ്ഫോടനനീക്കം പൊളിച്ച് സൈന്യം - വീഡിയോ

പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിന് സമാനമായ തരത്തിലുള്ള കാർ ബോംബ് സ്ഫോടനനീക്കമാണ് സൈന്യം അതിവിദഗ്ധമായ ഓപ്പറേഷനിലൂടെ പൊളിച്ചത്. ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നു. 

2019 like car bomb blast busted by army in jammu kashmir shows video
Author
Jammu, First Published May 28, 2020, 11:35 AM IST
  • Facebook
  • Twitter
  • Whatsapp

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ വൻ സ്ഫോടനനീക്കത്തെ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെ പൊളിച്ച് സൈന്യം. 20 കിലോ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സൂക്ഷിച്ചിരുന്ന കാറിനെയാണ് അതീവജാഗ്രതയോടെ, രഹസ്യമായി സൈന്യം തടഞ്ഞത്. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന് സമാനമായ തരത്തിലുള്ള വൻസ്ഫോടനം നടന്നേക്കാമായിരുന്ന നീക്കത്തെയാണ് സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജനവാസമേഖലയിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ മേഖലയിലെ സൈനികരെയും ജനങ്ങളെയും അതീവരഹസ്യമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയ സൈന്യം, ഈ കാർ വരുമെന്ന് വിവരം കിട്ടിയ വഴി പല ഭാഗത്തു നിന്നും ഘട്ടം ഘട്ടമായി ബാരിക്കേഡുകൾ വച്ച് അടച്ചു. 

ഒരു ചെക്ക് പോയന്‍റിൽ തടഞ്ഞെങ്കിലും കാർ ഇതിനെ മറികടന്ന് വേഗത്തിൽ പാഞ്ഞുപോയി. സുരക്ഷാ സേന പിന്തുടർന്ന് വെടിയുതിർത്തു. നീക്കം പൊളിഞ്ഞെന്ന് മനസ്സിലായ കാറിന്‍റെ ഡ്രൈവർ വഴിയിൽ കാർ നിർത്തി ഓടിക്കളഞ്ഞു. തുടർന്ന് രാത്രി മുഴുവൻ സൈന്യം കാർ നിരീക്ഷിക്കുകയായിരുന്നു. പുലർച്ചെയോടെ, ഈ കാർ പൊട്ടിത്തെറിച്ചു. വൻ സ്ഫോടനം. ഇതൊരു ജനവാസമേഖലയിലോ സൈനിക കേന്ദ്രത്തിലോ ആയിരുന്നെങ്കിൽ വലിയ ആൾനാശമുണ്ടായേക്കാവുന്നത്.  

സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, കരസേനാംഗങ്ങൾ എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. 2019-ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടനവസ്തുക്കൾ നിറച്ച കാർ ഓടിച്ച് കയറ്റി ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 40 സൈനികരാണ്. അത്തരമൊരു വലിയ ആക്രമണം തടയാൻ കഴിഞ്ഞത് സൈന്യത്തിന് നേട്ടമാണെന്നതിൽ സംശയമില്ല. 

സംഭവം നടന്നതിങ്ങനെ:

വ്യാജറജിസ്ട്രേഷനുള്ള, ഒരു വെള്ള ഹ്യൂണ്ടായ് സാൻട്രോ കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം സുരക്ഷാസേനയ്ക്ക് ലഭിക്കുന്നത് ബുധനാഴ്ചയാണ്. രാത്രിയോടെ, ഒരു ചെക്ക്പോയന്‍റിൽ ഈ കാറിനോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡ് മറികടന്ന്, വേഗത്തിൽ ഈ കാർ ചെക്ക്പോയന്‍റ് കടന്ന് പാഞ്ഞ് പോയി. 

''സുരക്ഷാസേന ഇതിന് നേരെ വെടിയുതിർത്തു. എന്നാൽ ഡ്രൈവർ ഇതിനെ മറികടന്ന് വേഗത്തിൽ പാഞ്ഞുപോയി. വഴിയരികിൽ പിന്നീട് ഈ കാർ നി‍ർത്തിയിട്ട്, ഇയാൾ കാർ ഉപേക്ഷിച്ച്, ഇരുളിൽ കാട്ടിലേക്ക് ഓടിമറഞ്ഞു'', ജമ്മു പൊലീസ് ഐജി വിജയ് കുമാർ പറഞ്ഞു. ''ഇത്തരം ഒരു ആക്രമണമുണ്ടായേക്കാമെന്ന ഇന്‍റലിജൻസ് വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഐഇഡി സാന്നിധ്യമുണ്ടായേക്കാവുന്ന, ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു കാറിനായി ഞങ്ങൾ ഇന്നലെ മുതൽ പല ഭാഗങ്ങളിൽ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു'', എന്ന് ഐജി. 

തൊട്ടടുത്തുള്ള ചില വീടുകൾക്ക് ഈ സ്ഫോടനത്തിൽ ചെറിയ തകരാർ പറ്റിയിട്ടുണ്ട്. ''ബോംബ് ഡിസ്പോസൽ സ്ക്വാഡെത്തി പരിശോധിച്ച ശേഷം, രാത്രി മുഴുവൻ ഈ കാറിനെ ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു. പരിസരത്തെ നാട്ടുകാരെ മുഴുവൻ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു'', എന്ന് ജമ്മു പൊലീസ് ഡിജിപി ദിൽബാഗ് സിംഗ്.

സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ കാണാം:

ഫെബ്രുവരി 14-ന് ഉണ്ടായ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പ് അതിർത്തി കടന്ന് പോയി ആക്രമിച്ച് തകർത്തിരുന്നു. രാജ്യം കൊവിഡ് പ്രതിസന്ധിയിലായ കഴിഞ്ഞ രണ്ട് മാസം, ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടർച്ചയായി ഉണ്ടായി. വിവിധ ആക്രമണങ്ങളിലായി മരിച്ചത് 30 സുരക്ഷാ സേനാ ഉദ്യോഗസ്ഥരാണ്. പകരമായി, 38 തീവ്രവാദികളെയും ഈ കാലയളവിൽ സൈന്യം വധിച്ചു. 

കശ്മീരിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്ക്കൂവിനെ സൈന്യം പുൽവാമയിൽ ഒരു ജോയന്‍റ് ഓപ്പറേഷനിലൂടെ വധിച്ചത് ഈ മാസം ആദ്യവാരമാണ്. 

Follow Us:
Download App:
  • android
  • ios