ചുമതലകളിൽ നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിലും പിബി തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും സംസ്ഥാന തലത്തിൽ തീരുമാനമെടുത്ത ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് നിർദ്ദേശം. 

ദില്ലി:  2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ സഖ്യം സംബന്ധിച്ച് ഒരോ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം.ശേഷം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നാണ് പിബി നിർദ്ദേശം. ബംഗളടക്കം സംസ്ഥാനങ്ങളിൽ നേരത്തെയുണ്ടായ കോൺഗ്രസ് സഹകരണവും ധാരണയും ഇത്തവണയും പിബിയിൽ ചർച്ചയായി. 

അതേ സമയം, അനാരോഗ്യവും മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായും ബന്ധപ്പെട്ട് ചുമതലകളിൽ നിന്നും മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവിലും പിബി തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും സംസ്ഥാന തലത്തിൽ തീരുമാനമെടുത്ത ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് നിർദ്ദേശം. 

വരുന്ന നിയമസഭ തെരഞ്ഞടുപ്പുകൾക്ക് ഒപ്പം രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും സമരപരിപാടികളും രണ്ട് ദിവസമായി ചേർന്ന പിബി യോഗത്തില്‍ ചർച്ച ആയി. കോണ്‍ഗ്രസുമായുള്ള ധാരണ തുടരാമെന്ന ബംഗാൾ ഘടകത്തിന്റെ നിലപാടും വേണ്ടെന്ന കേരളാ ഘടകത്തിന്റെ നിലപാടും പി ബിയിൽ ഇത്തവണയും ചർച്ചയ്ക്ക് വന്നു. 

അതേ സമയം, പാർലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ വൻ പ്രതിഷേധത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് ച‍ർച്ച ചെയ്യാന്‍ അടുത്തമാസം വീണ്ടും പൊളിറ്റ്ബ്യൂറോ യോഗം ചേരും. ഇതിന് ശേഷമാകും കേന്ദ്ര കമ്മിറ്റി യോഗം ചേ‍ർന്ന് കരട് സംബന്ധിച്ച് ചർച്ച നടത്തുക.