ബെംഗളൂരു: ബെംഗളൂരു കലാപത്തിൽ അറുപത് പേർ കൂടി അറസ്റ്റിലായി. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആകെ 206 ആയി. കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടിൽ പറഞ്ഞു. നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്. 

കലാപത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കർണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.