ചില ട്രെയിനുകള്‍ റദ്ദാക്കി, മറ്റു ചിലത് വഴിതിരിച്ചുവിടും. മുന്നൂറോളം ട്രെയിനുകളെ നിയന്ത്രണം ബാധിക്കും

ദില്ലി: ജി20 ഉച്ചകോടി നടക്കുന്ന ദില്ലിയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 8 മുതല്‍ 11 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ 207 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായാണ് നടപടി. 

റദ്ദാക്കിയ ട്രെയിനുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് ദക്ഷിണ ഹരിയാനയിലെ സോനിപത്-പാനിപ്പത്ത്, റോഹ്തക്, റെവാരി, പൽവാൽ റൂട്ടുകളിലാണ് ഓടുന്നത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 36 ട്രെയിനുകള്‍ ഭാഗികമായേ സര്‍വീസ് നടത്തൂ. അതായത് മുന്നൂറോളം ട്രെയിനുകളെ നിയന്ത്രണം ബാധിക്കും.

ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്ന നിരവധി ട്രെയിനുകള്‍ ഗാസിയാബാദില്‍ നിന്നോ നിസാമുദ്ദീനില്‍ നിന്നോ സര്‍വീസ് ആരംഭിക്കും. ജമ്മു താവി-ന്യൂഡൽഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി-ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകള്‍ക്ക് യാത്രക്കാരുടെ സൌകര്യം പരിഗണിച്ച് അധിക സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തി. 

റോഡ് ഗതാഗതത്തിനും വിമാന സര്‍വ്വീസിനും നിയന്ത്രണമുണ്ട്. ആളുകള്‍ യാത്ര ചെയ്യാന്‍ പരമാവധി റോഡ് ഒഴിവാക്കി മെട്രോ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ നിന്ന് പുറപ്പെടുന്നതും ദില്ലിയിലെത്തുന്നതുമായ 160 ആഭ്യന്തര വിമാന സര്‍വ്വീസുകളും റദ്ദാക്കി.

ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ രാജ്യതലസ്ഥാനത്തെ ചേരികള്‍ അധികൃതർ മറച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകള്‍ മറയ്ക്കുന്നത്. ജി20 ഉച്ചകോടി നടക്കുന്ന പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരികള്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു.

സെപ്റ്റംബർ 9, 10, തിയ്യതികളിലാണ് ദില്ലിയില്‍ ജി20 യോഗം നടക്കുക. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി.

Scroll to load tweet…