സൂറത്ത്: സൈക്കിള്‍ റിക്ഷാ വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന ആരോപണവുമായി ഇരുപത്തിമൂന്നുകാരി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുകാര്‍ ഭര്‍ത്താവിന് നാല്‍പതിനായിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമായി യുവതി ആരോപിക്കുന്നത്.

ഭര്‍ത്താവിന് ഇത്രയും വലിയ തുക നല്‍കാന്‍ വീട്ടില്‍ സാഹചര്യമില്ലെന്ന് യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സൂറത്ത് സ്പെഷ്യല്‍ ബ്രാഞ്ച് എസിപി വിശദമാക്കി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസിപി വ്യക്തമാക്കി. മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസ്സായതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ്  മുത്തലാഖ് ബില്ല്. ഇത്തരത്തിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.