മുംബൈ: 25 കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി. ജലവിഭവ മന്ത്രി ഗിരീഷി മഹാജനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അടുത്ത സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും പ്രതിപക്ഷത്തിന് കനച്ച തിരിച്ചടി കിട്ടുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഖേ പാട്ടീല്‍ മണ്‍സൂണ്‍ സെഷന് മുമ്പേ ബിജെപിയിലെത്തും. ഇത് സംബന്ധിച്ച് ഞായറാഴ്ച അമിതാഷയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. 

25ഓളം എംഎല്‍എമാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ചിലര്‍ നേരിട്ടും ചിലര്‍ ഫോണിലൂടെയും എന്നെ ബന്ധപ്പെട്ട് ബിജെപിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവരെ ബന്ധപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളില്ലാതെയായിരിക്കും ഇവരെ ബിജെപിയില്‍ ഉള്‍പ്പെടുത്തുകയെന്നും. ഗിരീഷ് മഹാജന്‍ പറഞ്ഞു. നാസിക്, ജാല്‍ഗാവ് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ഗിരീഷ്. 

തന്‍റെ ചുറ്റം നില്‍ക്കുന്നവരില്‍ ആരൊക്കെയാണ് ബിജെപിയിലേക്കെത്തുകയെന്നത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചവാന് അറിയില്ല. ബിജെപിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സംഖ്യം 50 സീറ്റില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2014 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റും നേടി. 41 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും നേടിയത്.