നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡിഎംകെയെ പ്രതിരോധത്തിലാക്കുകയാണ് പൊലീസ് വീഴ്ചകൾ.

ചെന്നൈ: തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡിഎംകെയെ പ്രതിരോധത്തിലാക്കുകയാണ് പൊലീസ് വീഴ്ചകൾ.

എഐഎഡിഎംകെ ഭരണ കാലത്തെ സാത്താൻകുളം കസ്റ്റഡി കൊലയും തൂത്തുക്കുടി വെടിവയ്പ്പും പോലുള്ള പൊലീസ് അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന വാക്ക് നൽകിയാണ് 2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തിയത്. എന്നാൽ മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്ക്. ഗുണ്ടാ ആക്രമണങ്ങളും ദളിത് പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പതിവ് സംഭവങ്ങൾ. അംബാസമുദ്രത്ത് കസ്റ്റഡിയിലെടുത്ത കുറ്റാരോപിതരുടെ പല്ല് പിഴുതെടുത്ത യുവ ഐപിഎസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന സംരക്ഷണം ദേശീയ തലത്തിൽ വരെ ചർച്ചയായെങ്കിലും സ്റ്റാലിൻ അനങ്ങിയില്ല.

കഴിഞ്ഞ വർഷം മാത്രം പൊലീസ് കസ്റ്റഡിയിലിക്കെ കയ്യോ കാലോ ഒടിഞ്ഞ നിലയിൽ 300ലേറെ പേരാണ് ചെന്നൈ പുഴൽ ജയിലിലെത്തിയത്. സ്റ്റേഷനിലെ ശുചിമുറിയിൽ തെന്നിവീണെന്നായിരുന്നു പൊലീസ് വിശദീകരണം. ഒരു പൊലീസുകാരൻ പോലും വീഴാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചെങ്കിലും സ്റ്റേഷനുകളിൽ മാറ്റമില്ല.

ഡിഎംകെയ്ക്ക് ഒരിക്കൽ പോലും തുടർഭരണം ലഭിച്ചിട്ടില്ല. ക്രമസമാധാന പ്രശ്നങ്ങളാണ് മിക്ക ഡിഎംകെ സർക്കാരുകളുടെയും പതനം വേഗത്തിലാക്കിയിട്ടുള്ളത് എന്ന ചരിത്രം സ്റ്റാലിനുള്ള മുന്നറിയിപ്പാണ്.

YouTube video player