യുപി ഭരിക്കുന്ന ബിജെപി സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇതിന് അഖിലേഷിനെ പ്രേരിപ്പിച്ചത് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന മോഷണങ്ങളാണ്.
ലഖ്നൌ: യുപി ഭരിക്കുന്ന ബിജെപി സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇതിന് അഖിലേഷിനെ പ്രേരിപ്പിച്ചത് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന മോഷണങ്ങളാണ്. അത് പക്ഷെ സ്വർണവും പണവും വെള്ളിയും ഒന്നുമല്ലെന്നതാണ് രസം. തക്കാളിയും ഇഞ്ചിയും പച്ചമുളകും അടക്കമുള്ള പച്ചക്കറികളാണ് മോഷണം പോകുന്നത്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്നുള്ളതാണ് അവസാനത്തേത്. തക്കാളി, ഇഞ്ചി, പച്ചമുളക് എന്നിവ മോഷണം പോയതാണ് സംഭവം. പച്ചക്കറി വ്യാപാരിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ലയിലെ ഓങ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാർക്കറ്റിന്റെ രണ്ട് കടകളിൽ നിന്നാണ് 26 കിലോ തക്കാളി, 25 കിലോ മുളക്, 8 കിലോ ഇഞ്ചി എന്നിവ മോഷണം പോയത്.
തിങ്കളാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് പോയ ഇവർ ചൊവ്വാഴ്ച രാവിലെ തുറന്നപ്പോൾ കടയിൽ സൂക്ഷിച്ചിരുന്ന തക്കാളിയും ഇഞ്ചിയും മുളകും കാണാനില്ലെന്ന് വ്യാപാരികളായ രാംജിയും നയീംഖാനും പറഞ്ഞു. ഇരുവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 379 പ്രകാരം കംത പ്രസാദ്, മുഹമ്മദ് ഇസ്ലാം എന്നീ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
Read more: ക്ഷാമകാലത്ത് ഉപയോഗിക്കാൻ കൊല്ലത്ത് ടെറസിൽ 19-കാരന്റ 'കൃഷി', മൂക്കും മുമ്പ് എക്സൈസ് എത്തി!
നേരത്തെ വിധയിടങ്ങളിൽ നിന്ന് തക്കാളി മോഷണം പോയ വാർത്തകൾ പുറത്തുവന്നിരുന്നു. കച്ചവടക്കാരിയായ സ്ത്രീയിൽ നിന്ന് തക്കാളി മോഷ്ടിച്ച ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരിടത്ത് തക്കാളി സംരക്ഷിക്കാൻ കച്ചവടക്കാർ കടകൾക്ക് കാവൽ നിൽക്കുന്ന വാർത്തയും പുറത്തുവന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായി പുതിയ മോഷണം കൂടി ആയപ്പോൾ, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പേര് സ്പെഷ്യൽ ടൊമാറ്റോ ഫോഴ്‌സ് എന്നാക്കി മാറ്റണമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

