നാഗ്പുര്‍ ഇരുപത്തി അയ്യായിരം മുസ്ലിംകളും ക്രിസ്ത്യാനികളും ഘര്‍വാപസിയിലൂടെ 2018 -ല്‍ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്. ഹിന്ദുമതത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടക്കുകയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പരാന്ദെ.

'25,000 മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് 2018 -ല്‍ മതപരിവര്‍ത്തനത്തിലൂടെ തിരികെ എത്തിയത്. മതപരിവര്‍ത്തനം ദേശീയ പ്രശ്നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയും കൂടിയാണ്'- പരാന്ദെ പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാനായി പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യണമെന്നും മതപരിവര്‍ത്തനം എളുപ്പത്തില്‍ സാധ്യമല്ലാതാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച്പി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.