സംസ്ഥാനതല സർവ്വേയെ തുടർന്ന് പശ്ചിമ ബംഗാളിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന 252 മദ്രസകൾ സർക്കാർ പൂട്ടിച്ചു. മാൽദ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളിലെ മദ്രസകളാണ് പൂട്ടിയവയിൽ ഭൂരിഭാഗവും. നൂറോളം സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
കൊൽക്കത്ത: സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെ 252 മദ്രസകൾക്ക് പൂട്ടു വീണു. ആദ്യഘട്ട പരിശോധനയുടെ ഭാഗമായി നൂറോളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്താൻ മുൻപ് നടത്തിയ സംസ്ഥാനതല സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പൂട്ടാൻ ഉത്തരവിട്ട മദ്രസകളിൽ ഭൂരിഭാഗവും ഖാരിജി വിഭാഗത്തിൽപ്പെട്ടവയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ മാൽദ, ഉത്തർ ദിനാജ്പൂർ, സൗത്ത് 24 പർഗാനാസ്, നാദിയ, മുർഷിദാബാദ് എന്നീ ജില്ലകളിലെ മദ്രസകളാണ് പ്രധാനമായും ഉൾപ്പെടുന്നത്. നോട്ടീസ് ലഭിച്ച മദ്രസകൾ കൃത്യമായ രേഖകളും അംഗീകാരവും ഹാജരാക്കിയില്ലെങ്കിൽ അവയും പൂട്ടിയിടുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഖുദിറാം ടുഡു മുന്നറിയിപ്പ് നൽകി.
മദ്രസകളുടെ നടത്തിപ്പ്, ഫണ്ടിംഗ് ഉറവിടങ്ങൾ, രജിസ്ട്രേഷൻ നില എന്നിവ പരിശോധിക്കാൻ നടത്തിയ വിപുലമായ സർവ്വേയെത്തുടർന്നാണ് നടപടി. ബംഗാളിൽ നിലവിൽ 2,132 അംഗീകൃത മദ്രസകൾ പ്രവർത്തിക്കുമ്പോൾ, അയ്യായിരത്തോളം മദ്രസകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. സർക്കാരിന്‍റെ ഈ നടപടിക്ക് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വൻ വാക്പോരും ആരംഭിച്ചിട്ടുണ്ട്.


