യുവതി രണ്ടുതവണ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ലൈംഗികാതിക്രമം പുറത്തുപറഞ്ഞാൽ മോഷണക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 17 കാരൻ വെളിപ്പെടുത്തി.(പ്രതീകാത്മക ചിത്രം)
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 28 കാരിയായ സ്ത്രീക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് സഹപ്രവർത്തകയായ സ്ത്രീയുടെ 17 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചത്. ജൂബിലി ഹിൽസിലുള്ള ഒരു വീട്ടിൽ ജോലിക്കാരിയായ സ്ത്രീയാണ് തന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വീട്ടുജോലിക്കാരിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ 29ന് യുവതി 17കാരനെ ചുംബിക്കുന്നത് വീട്ടിലെ മാനേജർ കണ്ടതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. കൗമാരക്കാരനായ ആൺകുട്ടിയും അമ്മയും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വെച്ചാണ് സംഭവം. വിവരമറിഞ്ഞതോടെ 17 കാരന്‍റെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വീട്ടിലെ മാനേജരാണ് എന്നെ ഇക്കാര്യം വിളിച്ച് അറിയിച്ചത്. സംഭവം അറിഞ്ഞ് യുവതിയെ ചോദ്യം ചെയ്തപ്പോൾ അവനെനിക്ക് ഒരു ഇളയ സഹോദരനെപ്പോലെയാണെന്നും സ്നേഹം കൊണ്ട് ചുംബിച്ചതാണെന്നുമാണ് പറഞ്ഞതെന്ന് 17 കാരന്‍റെ അമ്മ പറഞ്ഞു. ഇനി ഇത്തരം പെരുമാറ്റം ആവർത്തികരുതെന്ന് താൻ യുവതിയോട് പറഞ്ഞു. മകനോട് ഇക്കാര്യം ചോദിച്ചപ്പോൾ അവൻ കരഞ്ഞു. പിന്നീടാണ് പലതവണ യുവതി തന്നെ പീഡിപ്പിച്ചതായും ലൈംഗികാതിക്രമണത്തിന് നിർബന്ധിച്ചതായും മകൻ തന്നോട് പറഞ്ഞതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. യുവതി രണ്ടുതവണ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ലൈംഗികാതിക്രമം പുറത്തുപറഞ്ഞാൽ മോഷണക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും 17 കാരൻ വെളിപ്പെടുത്തി.
ഇതോടെ മെയ് ഒന്നിന് രാത്രി കുട്ടിയുടെ അമ്മ ജൂബിലി ഹിൽസ് പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ജൂബിലി ഹിൽസ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭരോസ സെന്ററിലേക്ക് കൗൺസിലിംഗിനായി അയച്ചതായും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.


