റിതയുമായി ശിവം യാദവ് അവിഹത ബന്ധത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ രഹസ്യ ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി.

ദില്ലി: ദില്ലിയിൽ യുവതിയെ ഭർത്താവിന്‍റെ സഹോദരൻ കുത്തിക്കൊന്നു. ദില്ലി കാപസ്ഹരേയിലാണ് കൊലപാതകം നടന്നത്. അംബുജ് യാദവിന്റെ ഭാര്യയായ 28 കാരി റിത യാദവിനെയാണ് കൊലപ്പെടുത്തിയത്. ഭർത്താവിന്‍റെ സഹോദരനായ ശിവം യാദവ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാളും റിതയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശിവം യാദവിനെ പിന്നീട് റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് വിവരം. ഇയാൾ ഗുരുതാരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. ഒരു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നുണ്ടെന്ന് രാത്രി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ വീട്ടിലെത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആപ്പോഴേക്കും മരിച്ചിരുന്നു. അന്വേഷണത്തിൽ റിതയുടെ ഭർതൃ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ തുടരവേ ദില്ലിക്ക് സമീപം റെയില്‍പാളത്തില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ ശിവം യാദവിനെ കണ്ടെത്തുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ട്രെയിനിന് മുന്നില്‍ചാടി ശ്രമിച്ചതാണെന്നാണ് പൊലീസിന്‍റെ നിഗമനം. റിതയുമായി ശിവം യാദവ് അവിഹത ബന്ധത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ രഹസ്യ ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. കൊലപാതക ദിവസം വീട്ടിലെത്തിയ ശിവം യാദവും യുവതിയും തമ്മിൽ വഴക്കിട്ടു. തുടർന്ന് പ്രതി ജേഷ്ഠന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Read More : ബേക്കറിയിൽ നിന്നും സമൂസ വാങ്ങി, ഉള്ളിൽ ചത്ത തവളയുടെ കാൽ; കടയുടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)