ദില്ലി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ കുൽച്ചൊഹാർ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് കരസേനയും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവച്ചതോടെ ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റലും ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച്ച പുൽവാമയിലെ ട്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിലും സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.  സോപോരയില്‍ വ്യാഴാഴ്ച പുലര്‍ച്ച ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കര്‍ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്. പ്രദേശത്ത് ആയുധക്കടത്തില്‍ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഇത് വരെ 116 ഭീകരരെയാണ് ജമ്മു കശ്മീരിൽ വധിച്ചത്.