ഡിസംബര്‍ മുതല്‍ യാക്കുകള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗാങ്ടോക്(സിക്കിം): ഹിമാലയന്‍ താഴ്വരയായ മുകുതാങ്ങില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പട്ടിണിയിലായ 300ഓളം യാക്കുകള്‍ ചത്തെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പട്ടിണിയിലായ യാക്കുകളെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 1500 യാക്കുകളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. 

എന്നാല്‍, കാലവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ഗ്രാമത്തിലേക്ക് എത്തിപ്പെടാന്‍ പ്രയാസമായിരുന്നുവെന്നും പിന്നീട് എത്തിയപ്പോഴേക്കും ഏകദേശം 300ഓളം യാക്കുകള്‍ പട്ടിണിമൂലം ചത്തെന്നും നോര്‍ത്ത് സിക്കിം മജിസ്ട്രേറ്റ് രാജ്കുമാര്‍ പറഞ്ഞു.

അതേസമയം, 500ന് മുകളില്‍ യാക്കുകള്‍ ചത്തെന്നാണ് ഗ്രാമീണര്‍ പറയുന്നത്. 50ഓളം യാക്കുകള്‍ക്ക് അധികൃതര്‍ ഭക്ഷണവും ചികിത്സയും നല്‍കി. ഡിസംബര്‍ മുതല്‍ യാക്കുകള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞുവീഴ്ച രൂക്ഷമാകുന്ന സമയങ്ങളില്‍ കുറച്ച് യാക്കുകള്‍ ചാകാറുണ്ടെങ്കിലും കൂട്ടത്തോടെ ചാകുന്നത് ആദ്യമാണെന്ന് ഗ്രാമീണര്‍ പറഞ്ഞു.