വോട്ടർ പട്ടികയിലെ അപാകതകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്വെയർ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വ്യാപാര രഹസ്യവും ബൗദ്ധിക സ്വത്തുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ രേഖകൾക്ക് മറുപടി നൽകിയത്. ഇവിഎം നിർമ്മാതാക്കളും സമാനമായി വിവരങ്ങൾ നൽകാൻ വിസമ്മതിച്ചിരുന്നു.
ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി വോട്ടർ പട്ടികയിലെ അപാകതകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്വെയറിൻ്റെ പേരും പതിപ്പും വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വിവരങ്ങൾ വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്ത്, വാണിജ്യ ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചത്.
തെലങ്കാനയിലെ കരിമ്പൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ എംഎ മുജീബ് അയ്യൂബ് ആണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. ജൂലൈ 27-ന് നൽകിയ അപേക്ഷയിൽ എസ്ഐആർ സമയത്ത് വോട്ടർ പട്ടികയിലെ പിശക്, അപകാത, പൊരുത്തക്കേടുകൾ തിരിച്ചറിയാൻ ഏത് സോഫ്റ്റ്വെയർ, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിച്ചതെന്നും ഇതിനായി ഏതെങ്കിലും എഐ പ്ലാറ്റ്ഫോമുകളുടെ സഹായം ലഭിച്ചോ എന്നുമടക്കം ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ഇവിഎം നിർമ്മാതാക്കൾ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോൾ വോട്ടിങ് മെഷീനുമായി ബന്ധപ്പെട സോഴ്സ് കോഡുകൾ പങ്കുവെക്കാൻ വിസമ്മതിച്ചിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിൽ സമരങ്ങൾ രാജ്യവ്യാപകമായി തുടരുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്.







