ഒക്ടോബർ 24 മുതൽ മുഗ്ധ ഫോൺ കോളുകളോട് പ്രതികരിക്കാതായി. താമസിയാതെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ആശങ്കയിലായ മാതാപിതാക്കൾ ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തിനെ വിവരമറിയിച്ചു. ഒക്ടോബർ 22-നാണ് മുഗ്ധയോട് അവസാനമായി സംസാരിച്ചതെന്ന് വ്യക്തമാക്കിയ സുഹൃത്ത് ഉടൻ തന്നെ ലണ്ടൻ പൊലീസിൽ പരാതി നൽകി.
പൂനെ: യുകെയിൽ നിന്നും വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി ഇന്ത്യയിൽ എത്തിയ യുവതിയെ പൂനെയിലെ റെന്റഡ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി നടത്തിയ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവതി ഇന്ത്യയിലുണ്ടെന്ന വിവരവും തുടർന്ന് മൃതദേഹവും കണ്ടെത്താനായത്. ഛത്രപതി സംഭാജിനഗർ സ്വദേശിയായ 34 കാരി മുഗ്ധ ദേശ്മുഖിനെയാണ് പൂനെ ഗാഹുഞ്ചെയിലെ 'ലോധ ബെൽമോണ്ടോ' കോംപ്ലക്സിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ യുകെയിലേക്ക് പോയത്. അവിടെ ഒറ്റയ്ക്ക് താമസിച്ച് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്തുവരികയായിരുന്നു. ഫോണിലൂടെ മുഗ്ധ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
എന്നാൽ ഒക്ടോബർ 24 മുതൽ മുഗ്ധ ഫോൺ കോളുകളോട് പ്രതികരിക്കാതായി. താമസിയാതെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ആശങ്കയിലായ മാതാപിതാക്കൾ ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തിനെ വിവരമറിയിച്ചു. ഒക്ടോബർ 22-നാണ് മുഗ്ധയോട് അവസാനമായി സംസാരിച്ചതെന്ന് വ്യക്തമാക്കിയ സുഹൃത്ത് ഉടൻ തന്നെ ലണ്ടൻ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ തന്നെ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി ലണ്ടൻ പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ഹൈക്കമ്മീഷന്റെയും സഹായത്തോടെ കുടുംബം മകളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു.
ഇതിനിടെ മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച പിതാവ്, ഒക്ടോബർ 8-നും 25-നും ഇടയിൽ നിരവധിയായ ഫുഡ് ഡെലിവറി ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഇതിൽ ചില ഓർഡറുകൾ ഛത്രപതി സംഭാജിനഗറിലെ ഉസ്മാൻപുര മേഖലയിൽ നിന്നായിരുന്നു. ഇതോടെയാണ് മകൾ ഇന്ത്യയിലുണ്ടെന്ന് കുടുംബം ഉറപ്പിച്ചത്. ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പൂനെ ഗാഹുഞ്ചെയിലെ 'ലോധ ബെൽമോണ്ടോ' ഹൗസിംഗ് കോംപ്ലക്സിലാണ് മുഗ്ധയുള്ളതെന്ന് കണ്ടെത്തി. "ഛത്രപതി സംഭാജിനഗർ പൊലീസാണ് മുഗ്ധയുടെ ലൊക്കേഷൻ പൂനെയിലെ ഫ്ലാറ്റിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫ്ലാറ്റിന്റെ പൂട്ടുപൊളിച്ച് വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
മുഗ്ധയുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ മുറിവുകളോ ഇല്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുഗ്ധ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെന്നും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസം തുടങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കാര്യം മുഗ്ധ എന്തുകൊണ്ടാണ് കുടുംബത്തിൽ നിന്ന് മറച്ചുവെച്ചതെന്നും മരണത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






