ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ജിഷയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷയുടെ ജീവൻ രക്ഷിക്കാനായില്ല.
വർക്കല : തിരുവനന്തപുരം വർക്കലയിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. പതിനൊന്ന് ദിവസം മുമ്പായിരുന്നു ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് ജിഷയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷയുടെ ജീവൻ രക്ഷിക്കാനായില്ല.
ജിഷയുടെ ആദ്യ വിവാഹത്തിലെ ഭർത്താവ് ശരത് ഒന്നര വർഷം മുമ്പ് വിദേശത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യവിവാഹത്തിൽ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് പെൺ മക്കളുമുണ്ട്. രണ്ടാം വിവാഹത്തിനു ശേഷം ഭർത്താവ് അജി നടേശനോടൊപ്പം ജിഷയുടെ വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് മരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






