മുൻ എംപി പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് പാർട്ടി വിടുന്നത്
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിൽ നിന്നുള്ള നേതാക്കളുടെ പട കോൺഗ്രസിലേക്ക്. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആർഎസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആർഎസിൽ നിന്നുള്ള മുൻ മന്ത്രിമാരും മുൻ എംഎൽഎമാരും അടക്കം 35 നേതാക്കളാണ് കോൺഗ്രസിലേക്ക് പോകുന്നത്. ഇവരിൽ 12 പേർ ഇന്ന് ദില്ലിയിൽ കോൺഗ്രസ് ആസ്ഥാനത്തെത്തി. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും പിന്തുണ അറിയിച്ചു.
മുൻ എംപി പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് പാർട്ടി വിടുന്നത്. ഇതിൽ ഇപ്പോഴത്തെ ബിആർഎസ് എംഎൽസി നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡിയും ഉണ്ട്. മുൻ മന്ത്രി ജുപ്പള്ള കൃഷ്ണ റാവുവും പാർട്ടി വിട്ടു. പാറ്റ്നയിൽ നടന്ന പ്രതിപക്ഷ നേതൃസംഗമത്തിലേക്ക് പോകില്ലെന്ന തരത്തിൽ കെസിആറിന്‍റെ മകനും മന്ത്രിയുമായ കെടിആർ പ്രസ്താവന നടത്തിയതോടെ ബിആർഎസ്സിനെ സംഗമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ചിത്രം: ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുന്ന നേതാക്കളുടെ പേരുകൾ
പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാത്തതിലും ബിആർഎസ്സിലെ കെസിആറിന്‍റെ കുടുംബാധിപത്യത്തിലും പ്രതിഷേധിച്ചാണ് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് എന്നാണ് വിവരം. 600 വാഹനങ്ങളുടെ അകമ്പടിയോടെ എല്ലാ എംഎൽഎമാരെയും എംഎൽസിമാരെയും പാർട്ടി ഭാരവാഹികളെയും കൂട്ടി കെസിആർ മഹാരാഷ്ട്രയിലേക്ക് പോയിരിക്കുകയാണ്. അടുത്ത രണ്ട് ദിവസങ്ങളിലായി ബിആർഎസ് നടത്തുന്ന റാലിയിലടക്കം പങ്കെടുക്കാനും ക്ഷേത്രദർശനത്തിനുമായാണ് യാത്ര. ഈ സമയത്താണ് സംസ്ഥാനത്ത് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി നേതാക്കളെ കോൺഗ്രസ് അടർത്തി മാറ്റുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

