ട്രൈസെപ്സ് എക്സ്റ്റെൻഷൻ ചെയ്യാൻ തുടങ്ങി രണ്ട് മിനിറ്റിനകം യുവാവ് കുഴഞ്ഞ് നിലത്തുവീഴുകയായിരുന്നു.

ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ സ്രൗത ജിം ആന്റ് വെൽനെസ് ക്ലബ്ബിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പങ്കജ് എന്ന യുവാവ് വർക്കൗട്ട് ചെയ്യുന്നതിനിടെ ജിമ്മിലെ ഫ്ലോറിൽ കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിലും കാണാം.

ഫരീദാബാദ് സെക്ടർ -8ലെ ജിമ്മിലേക്ക് രാവിലെ പത്ത് മണിയോടെയാണ് യുവാവ് എത്തിയത്. ആദ്യം ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച ശേഷം വർക്കൗട്ട് ആരംഭിച്ചു. രാവിലെ 10.20ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പ് പ്രകാരം ഷോൽഡറുകളുടെ വ്യായാമം ചെയ്യുന്നത് കാണാം. ഏതാനും മിനിറ്റുകൾക്ക് ശേഷം ട്രൈസെപ്സ് എക്സ്റ്റെൻഷൻ ചെയ്യാൻ തുടങ്ങി. രണ്ട് മിനിറ്റിനകം യുവാവ് കുഴഞ്ഞ് നിലത്തുവീഴുകയായിരുന്നു.

ഈ സമയം അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾ ശബ്ദം കേട്ട് അടുത്തേക്ക് വന്നു. യുവാവ് വീണുകിടക്കുന്നത് കണ്ട് പുറത്തേക്ക് ഓടി മറ്റുള്ളവരെ വിളിച്ചുകൊണ്ടു വന്നു. മിനിറ്റുകൾക്കം നിരവധിപ്പേർ ഓടിയെത്തി. മുഖത്ത് വെള്ളം തളിക്കുകയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസും ഡോക്ടർമാരെയും എത്തിച്ചെങ്കിലും അവ‍ർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പങ്കജ് കഠിനമായ വർക്കൗട്ട് ഒന്നും ചെയ്തിരുന്നില്ലെന്ന് ട്രെയിനറായ പുനീത് പറഞ്ഞു. 175 കിലോ ഭാരമുണ്ടായിരുന്നതിനാൽ പങ്കജിനെ എടുത്തുയർത്താൻ തങ്ങൾക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പങ്കജിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസിൽ വിവരം അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതിന് മുമ്പ് ബികെ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. ബിസിനസുകാരനായ പങ്കജ് അഞ്ച് മാസം കൊണ്ട് ഈ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നയാളാണ്.