നിരപരാധിയും നിസ്സഹായയുമായ ഒരു കുട്ടിയാണ് ഇരയാക്കപ്പെട്ടത്. അവള്‍ അമ്മാവന്‍ എന്ന് വിളിച്ചിരുന്ന ആള്‍ അവളുടെ വിശ്വാസ്യത തകര്‍ത്തു എന്ന് കോടതി പറഞ്ഞു. 

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. ദില്ലിയിലെ തീസ് ഹസാരീസ് കോടതി ജഡ്ജി ബബിത പൂനിയ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2024 ല്‍ ഡല്‍ഹിയിലെ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം രജിസ്ട്രര്‍ ചെയ്ത കേസിലാണ് വ്യാഴാഴ്ച വിധി വന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ക്കാരനായ 35 വയസുള്ള യുവാവ് ക്രൂരമായാണ് പീഡിപ്പിച്ചത്. ഇയാള്‍ തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വാദത്തിലുടനീളം പ്രതി പീഡനാരോപണം നിഷേധിക്കുകയായിരുന്നു. പ്രതിയുടെ ഭാഗത്ത് നിന്ന് പശ്ചാത്താപം പോലും ഉണ്ടാകാത്തത് കോടതിയെ ആശ്ചര്യപ്പെടുത്തി.

'നിരപരാധിയും നിസ്സഹായയുമായ ഒരു കുട്ടിയാണ് ഇരയാക്കപ്പെട്ടത്. അവള്‍ അമ്മാവന്‍ എന്ന് വിളിച്ചിരുന്ന ആള്‍ അവളുടെ വിശ്വാസ്യത തകര്‍ത്തു. ഇന്ത്യന്‍ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എവിടേക്കെങ്കിലും പോകുമ്പോള്‍ അവര്‍ അയല്‍ക്കാരോട് കുട്ടികളെ ശ്രദ്ധിക്കാന്‍ പറയും. ഇവിടെ കുറ്റവാളി തന്‍റെ അയല്‍ക്കാരെ വഞ്ചിക്കുകയും വിശ്വാസം ലംഘിക്കുകയും ചെയ്തു' എന്ന് കോടതി നിരീക്ഷിച്ചു.

ശിക്ഷയില്‍ ഇളവു നല്‍കണമെന്നും യുവാവിന് വൃദ്ധയായ അമ്മയും, ഭാര്യയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

Read More:വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം