ജനുവരി 2ന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്
ദില്ലി: ദില്ലി ലക്ഷ്മി നഗറിൽ കുടുംബത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. ജിം ഉടമസ്ഥനായ രാജേഷ് ഗാർഗിനിയും കുടുംബത്തെയും ആണ് ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചത്. ഇയാളുടെ ജിമ്മിലെ ജീവനക്കാരനായ സതീഷ് യാദവും സംഘവും ആണ് മർദ്ദനം നടത്തിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലുള്ള തർക്കമാണ് കൊടുംക്രൂരതയ്ക്ക് കാരണം. ലക്ഷ്മി നഗറിൽ രാജേഷ് ഗാർഗ് ഒരു ജിം നടത്തുന്നുണ്ട്. ജിമ്മിലെ കെയർ ടേക്കറാണ് സതീഷ് യാദവ്. എന്നാൽ ജിമ്മിൽ തനിക്കും പങ്കാളിത്തമുണ്ടെന്നാണ് സതീഷ് യാദവ് അവകാശപ്പെടുന്നത്. ഇവർ തമ്മിൽ നേരത്തെയും തർക്കം നിലനിന്നിരുന്നു. ജനുവരി 2ന് വീടിന് താഴെ കുടിവെള്ള ടാങ്കിന്റെ പണിയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് രാജേഷ് ഗാർഗിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. നാല് പേർ ഇവിടേക്കെത്തി രാജേഷിനേയും മകനേയും തടസം പിടിക്കാനെത്തിയ രാജേഷിന്റെ ഭാര്യയേയും അക്രമികളെ മർദ്ദിക്കുകയായിരുന്നു.

ഇവർ നിന്നിരുന്ന ബേസ്മെന്റിൽ നിന്നും ഇവരെ വലിച്ച് പുറത്ത് റോഡിലിട്ട് ചവിട്ടുന്നതായ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. ക്രൂരമായ ആക്രമണമാണ് നടന്നത്. സംഭവത്തിൽ വികാസ് യാദവ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാണ്. റോഡിലേക്ക് വലിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.


