ഫാമില്‍ സൂക്ഷിച്ച 350 കിലോ ഉള്ളി മോഷണം പോയതായി കര്‍ഷകന്‍റെ പരാതി. 

ചെന്നൈ: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുമ്പോള്‍ പലയിടത്തും ഉള്ളി മോഷണം വ്യാപകമാകുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന 40 ടണ്‍ സവാള മോഷണം പോയിരുന്നു. ഇതിന് പിന്നാലെ 350 കിലോഗ്രാം ഉള്ളി മോഷണം പോയെന്ന പരാതിയുമായി തമിഴ്നാട്ടിലെ കര്‍ഷകന്‍ രംഗത്ത്. പേരാമ്പലൂരിലെ കൂതനൂര്‍ ഗ്രാമത്തിലാണ് ചെറിയ ഉള്ളി മോഷണം പോയതായി കര്‍ഷകന്‍ പരാതി നല്‍കിയത്. 

40 -കാരനായ കെ മുത്തുകൃഷ്ണന്‍ ഫാമില്‍ സൂക്ഷിച്ച 15 ചാക്ക് ഉള്ളിയാണ് മോഷണം പോയത്. കൂതനൂര്‍-ആലത്തൂര്‍ പ്രധാന റോഡില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയുള്ള ഫാമില്‍ നിന്നാണ് ഉള്ളി മോഷ്ടിച്ചത്. ഉള്ളി മോഷണം പോയതായി മുത്തുകൃഷ്ണന്‍ പാടലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 45,000 രൂപ വില വരുന്ന ഉള്ളിയാണ് മോഷണം പോയത്. വിപണിയില്‍ ഇപ്പോള്‍ ഉള്ളി കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയുണ്ട്.