മുംബൈ: ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി മരിച്ച ഡോക്ടറിന് കൊവിഡ് 19.  മുംബൈയിലെ ഗോവന്തിയിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മുപ്പത്തിയറുകാരനായ ഡോക്ടറാണ് വ്യാഴാഴ്ച കൊറോണ വൈറസിന് കീഴടങ്ങിയത്. ആശുപത്രിയിലെത്തിയ കൊവിഡ് 19 ബാധിച്ച രോഗിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്. 

മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതിരുന്ന ഡോക്ടര്‍ക്ക് കടുത്ത ശ്വാസം മുട്ടല്‍ നേരിട്ടിരുന്നു. ഇന്നലെ ഉച്ചയോടെ എസ് എല്‍ റഹേജാ ആശുപത്രിയില്‍ വച്ചാണ് ഡോക്ടര്‍ മരിച്ചത്. ഏപ്രില്‍ 13 മുതല്‍ കൊവിഡ് 19 ന്‍റെ രോഗ ലക്ഷണങ്ങള്‍ ഡോക്ടര്‍ കാണിച്ചിരുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഏപ്രില്‍15ന് മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ഡോക്ടറെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 

ഇവിടെ നിന്ന് കൂടുതല്‍ ഡോക്ടറുടെ സ്ഥിതി വഷളായതോടെ വിദ്യാവിഹാറിലുള്ള സോമയ്യ ആശുപത്രിയിലേക്ക് ഡോക്ടറെ എത്തിച്ചു. ഇവിടെ വച്ച് ഡോക്ടര്‍ക്ക് ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. ഇവിടെ നിന്ന് കൊവിഡ് 19 രോഗികളെ പരിചരിക്കുന്ന ആശുപത്രിയായ റഹേജയിലേക്ക് എത്താന്‍ ആവശ്യമായ സംവിധാനം ഡോക്ടര്‍ക്ക് നല്‍കിയില്ലെന്നാണ് സഹോദരന്‍ ആരോപിക്കുന്നു.

വൃക്ക, കരള്‍, രക്തസ്രാവം തുടങ്ങിയ രോഗങ്ങള്‍ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ സഹോദരനായ ഡോക്ടര്‍ പറയുന്നത്. രോഗികളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പടരുന്ന സാഹചര്യം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡോക്ടറുടെ സഹോദരന്‍ പറയുന്നു.