പെണ്‍കുട്ടിയും കുടുംബവും വിവാഹാലോചന നിരസിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും തുടര്‍ച്ചയായി ശല്യം ചെയ്യുകയും ചെയ്തു.

ദില്ലി: ദില്ലിയില്‍ 36 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അവിനാഷ് സക്സേന എന്ന യുവാവിനെയാണ് നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പാടത്ത് ഉപേക്ഷിച്ച നിലയിലാണ് അവിനാഷിന്‍റെ മൃതശരീരം കണ്ടെത്തിയത്. വിവാഹാലോചനയും അതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദില്ലിയിലെ ബാബാ ഹരിദാസ് നഗറിലെ ഒരു കൃഷിയിടത്തിലാണ് അവിനാഷിന്‍റെ മൃതശരീരം കിടന്നിരുന്നത്. പ്രദേശവാസികളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതശരീരത്തിന്‍റെ അടുത്തു തന്നെ അവിനാഷിന്‍റെ മോട്ടോര്‍ സൈക്കിളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്തിയപ്പോഴാണ് കൊല്ലപ്പെട്ട അവിനാഷിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭ്യമായത്.

അവിനാഷ് ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും കുടുംബവും വിവാഹാലോചന നിരസിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറുകയും തുടര്‍ച്ചയായി ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം. പെണ്‍കുട്ടിയുടെ സഹോദരനെ അവിനാഷ് മര്‍ദിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അവിനാഷ് മര്‍ദിച്ച വിവരം പെണ്‍കുട്ടിയുടെ സഹോദരന്‍ അയല്‍വാസിയോട് പങ്കുവെച്ചു. തുടര്‍ന്ന് കൊലചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു. വിജനമായ ഒരു പ്രദേശത്തേക്ക് അവിനാഷിനെ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതശരീരം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം