ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37776 ആയി.  24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെമാത്രം ആയിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

10018 പേർക്ക് രോഗം ഭേദമായെങ്കിലും 1223 പേർ മരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ 12296 പേരാണ് രോഗികൾ. ഗുജറാത്തിൽ 5054 പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേർക്കാണ് ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 896 പേർക്ക് രോഗം ഭേദമായി. എന്നാൽ 262 പേർ ഇതിനോടകം മരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ ഇന്നത്തെ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. 

മഹാരാഷ്ട്രയിൽ മാത്രം മരണം 500 കടന്നു. ഇന്ന് മാത്രം 36 പേരാണ് മരിച്ചത്. ആകെ മരണം 521 ആയി. ഇന്ന് 790 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 231 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 2757 ആയി. ചെന്നൈയിൽ മാത്രം 174 പേർക്ക് വൈറസ് ബാധയേറ്റു. കൂടുതൽ പേർക്കും രോഗലക്ഷണമില്ല. തിരുപ്പൂർ ഉൾപ്പെടെ അതിർത്തി ജില്ലകളിലും പുതിയ രോഗികളുണ്ട്. ചെന്നൈയിൽ മാത്രം രോഗബാധിതർ 1257 ആയി.

ദില്ലി മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ഒരു നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ദില്ലിയിൽ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൻപഥിൽ നിന്ന് ദില്ലിയിലെ ഐഎച്ച്ബിഎഎസ് ആശുപത്രിയിൽ എത്തിച്ച സ്ത്രീക്കാണ് കൊവിഡ് ബാധ. 

ജൻപഥിൽ അലഞ്ഞ് നടന്ന ഇവരെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ കാസർകോട് സ്വദേശി മരിച്ചത് കൊവിഡ് രോഗം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കുമ്പളക്കടുത്ത് ബംബ്രാണ സ്വദേശി ഖാലിദാണ് മരിച്ചത്. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായ ഖാലിദിനെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരും ചികിത്സ നൽകിയില്ലെന്ന ആരോപണം ഉയർന്നു.

കൊവിഡ് ബാധിച്ച് മറ്റൊരു മലയാളി ഇന്ന് കൊൽക്കത്തിയലും മരിച്ചു. പാലക്കാട് ജില്ലയിലെ കക്കയൂർ പള്ളിയിൽ വീട്ടിൽ ഹേമ ഹരിദാസ് (70) ആണ് മരിച്ചത്. കൊൽക്കത്തയിൽ സ്ഥിരതാമസമായിരുന്നു. മരിച്ച ശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരിച്ച ശേഷം ഇവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.