ഐ ലവ് മുഹമ്മദ് സംഘർഷത്തിന് പിന്നാലെ കടമുറികൾ ഒഴിപ്പിച്ച് അധികൃതർ. നഗരത്തിലെ ക്ലോക്ക് ടവറിന് സമീപത്തെ നോവൽറ്റി ചൗക്കിൽ സ്ഥിതി ചെയ്യുന്ന വസ്ത്രങ്ങളും പാദരക്ഷകളും വിൽക്കുന്ന കടകളാണ് ബറേലി മുനിസിപ്പൽ കോർപ്പറേഷൻ കൈയേറ്റം ആരോപിച്ച് ഒഴിപ്പിച്ചത്.
ബറേലി: ഐ ലവ് മുഹമ്മദ് റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് പിന്നാലെ ബറേലി നഗരത്തിലെ മാർക്കറ്റ് സമുച്ചയത്തിൽ 38 കടകൾ ഒഴിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ കൈവശം വെച്ച കടമുറികളാണ് അധികൃതർ സീൽ ചെയ്തത്. വെള്ളിയാഴ്ച 'ഐ ലവ് മുഹമ്മദ്' കാമ്പെയ്‌നിന്റെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടൽ ഉണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. പ്രതികാര നടപടിയുടെ ഭാഗമായാണ് കടമുറികൾ ഒഴിപ്പിച്ചതെന്ന് കച്ചവടക്കാർ ആരോപിച്ചു. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് ഒഴിപ്പിച്ചതെന്നും ഇവർ പറഞ്ഞു.
നഗരത്തിലെ ക്ലോക്ക് ടവറിന് സമീപത്തെ നോവൽറ്റി ചൗക്കിൽ സ്ഥിതി ചെയ്യുന്ന വസ്ത്രങ്ങളും പാദരക്ഷകളും വിൽക്കുന്ന കടകളാണ് ബറേലി മുനിസിപ്പൽ കോർപ്പറേഷൻ കൈയേറ്റം ആരോപിച്ച് ഒഴിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കടകൾ സീൽ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ കൈവശം ഉണ്ടെങ്കിൽ, അവർക്ക് മുനിസിപ്പൽ കമ്മീഷണർക്ക് മുന്നിൽ ഹാജരാക്കാമെന്നും പരാതി ലഭിച്ചാൽ നടപടി എടുക്കാമെന്നും ഒഴിപ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബറേലി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) അവിനാശ് സിംഗ് പറഞ്ഞു. നഗരത്തിന്റെ സമാധാനവും ക്രമസമാധാനവും തകർക്കാൻ ശ്രമിച്ച കലാപകാരികൾക്കെതിരായ നടപടിയുടെ ഭാഗമായിട്ടാണ് ഒഴിപ്പിക്കൽ. സർക്കാർ ഭൂമിയിലെ അഴുക്കുചാലും കടയുടമകൾ കൈയേറിയിരുന്നു. നടപടി തുടരുമെന്നും ഡിഎം കൂട്ടിച്ചേർത്തു.
ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി പൗരസമിതി കേസ് ഫയൽ ചെയ്തിരുന്നു. കോടതിയിൽ നിന്ന് സ്റ്റേ ഉണ്ട്. തൗഖീർ റാസ നയിക്കുന്ന പ്രാദേശിക രാഷ്ട്രീയ സംഘടനയായ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) വക്താവ് ഡോ. നഫീസ് അഹമ്മദ് കാരണം മാത്രമാണ് ഈ നടപടി സ്വീകരിച്ചത്. അദ്ദേഹം ഞങ്ങളിൽ നിന്ന് വാടക വാങ്ങിയിരുന്നു. ഒരു മുനിസിപ്പൽ സംഘം കടയുടമകളോട് മൂന്ന് മണിക്കൂറിനുള്ളിൽ ഒഴിയാൻ ആവശ്യപ്പെട്ടു. മുൻകൂർ അറിയിപ്പ് ഉണ്ടായിരുന്നില്ല- ഉടമസ്ഥലിരൊരാൾ പറഞ്ഞു. വെള്ളിയാഴ്ചത്തെ തർക്കത്തിന് ശേഷം ബറേലിയിലെ സ്വാധീനമുള്ള അല ഹസ്രത്ത് കുടുംബവുമായി ബന്ധമുള്ള ഐഎംസി മേധാവി റാസയെയും മറ്റ് 56 പേരെയും അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയുമായി ബന്ധമുള്ള മൂന്ന് ഹാളുകളും ഞായറാഴ്ച അധികൃതർ സീൽ ചെയ്തു. അതേസമയം, ബറേലിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ തിങ്കളാഴ്ച വൈകീട്ടും റദ്ദാക്കി.


