ചോദ്യം ചെയ്യലിൽ, വിൽക്കുന്നതിനായി അമ്മയാണ് തനിക്ക് പാക്കറ്റുകൾ നൽകിയതെന്ന് 14 കാരൻ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സഞ്ജയ് ക്യാമ്പിലെ താമസക്കാരിയായ പിങ്കിയെ പൊലീസ് സംഘം സമീപത്തുള്ള സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം നിന്ന് കഞ്ചാവ് അടങ്ങിയതെന്ന് സംശയിക്കുന്ന 37 പാക്കറ്റുകൾ കൂടി കണ്ടെടുത്തു.

ന്യൂഡൽഹി: 14 വയസ്സുകാരനായ സ്വന്തം മകനെ ഉപയോഗിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവതി പിടിയിൽ. 39 കാരി പിങ്കിയാണ് ഡൽഹിയിലെ ചാണക്യപുരിയിൽ അറസ്റ്റിലായത്. ഡൽഹി ക്രൈംബ്രാഞ്ചാണ് പ്രതിയായ സ്ത്രീയെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ഏകദേശം ഒരു കിലോഗ്രാമോളം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പൊലീസിന്റെയോ മറ്റ് സുരക്ഷാ ഏജൻസികളുടെയോ സംശയം തോന്നാതിരിക്കാനാണ് ഇവർ പ്രായപൂർത്തിയാകാത്ത മകനെ ലഹരിമരുന്ന് കൈമാറാൻ ഉപയോഗിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 2ന് വൈകുന്നേരം ഏഴ് മണിയോടെ നടത്തിയ പട്രോളിംഗിനിടെ 14 വയസുകാരനെ സംശയാസ്പദമായ രീതിയിൽ കഞ്ചാവ് അടങ്ങിയ ആറ് ചെറിയ പാക്കറ്റുകൾ സഹിതം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വിൽക്കുന്നതിനായി അമ്മയാണ് തനിക്ക് പാക്കറ്റുകൾ നൽകിയതെന്ന് 14 കാരൻ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സഞ്ജയ് ക്യാമ്പിലെ താമസക്കാരിയായ പിങ്കിയെ പൊലീസ് സംഘം സമീപത്തുള്ള സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം നിന്ന് കഞ്ചാവ് അടങ്ങിയതെന്ന് സംശയിക്കുന്ന 37 പാക്കറ്റുകൾ കൂടി കണ്ടെടുത്തു. ഇതോടെ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം ഉണ്ടായിരുന്നവ ഉൾപ്പെടെ ആകെ 43 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

എൻ.ഡി.പി.എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പിങ്കി നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്നും, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഈ വർഷം മൂന്നാം തവണയാണ് അവർ പിടിയിലാകുന്നതെന്നും പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ലഹരിമരുന്ന് കടത്തലിനായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.