മഹാരാഷ്ട്രയിലെ പാൽഘറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർന്ന് നാല് തൊഴിലാളികൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. ബോയ്സാർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് സംഭവം.

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും ചോർന്ന നൈട്രജൻ ഗ്യാസ് ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈയിൽ 130 കിലോമീറ്റർ അകലെയുള്ള ബോയ്സാർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജൻ വാതകം ചോർന്നത്. ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണാണെന്ന് പാൽഘർ ജില്ലാ ദുരന്തനിവാരണ സെൽ മേധാവി വിവേകാനന്ദ് കദം അറിയിച്ചു.