Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍

 അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മര്‍ക്കസ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.

4 northeast states untouched by Covid-19
Author
Delhi, First Published Apr 5, 2020, 6:01 PM IST

ദില്ലി: രാജ്യമാകെ ഭീതി പടര്‍ത്തി പടരുന്ന കൊവിഡ് 19 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മാത്രം. 2020 ജനുവരിയിലാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ 3000ന് മുകളിലേക്ക് ആ സംഖ്യ ഉയര്‍ന്നു കഴിഞ്ഞു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപകമായി കൊവിഡ് പടരുമ്പോഴും ഇതുവരെ നാല് സംസ്ഥാനങ്ങളിലാണ് ഇതുവരെ വൈറസ് ബാധ കടന്ന് എത്താത്തത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപിലും ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലും ഒരു കൊവിഡ് കേസ് പോലുമില്ല.

അതേസമയം, അസമില്‍ ഇതുവരെ 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മണിപ്പൂരില്‍ രണ്ടും മിസോറം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഓരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മര്‍ക്കസ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.

അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് നിലവില്‍ തടസങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വൈറസ് ബാധിത മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളെ കുറിച്ച് ലാബുകള്‍ക്ക് ഐസിഎംആറിന് വിവരങ്ങള്‍ കൈമാറാം. രോഗം 274 ജില്ലകളെ ബാധിച്ചുവെന്നും ഇതുവരെ 79 പേര്‍ മരിച്ചെന്നും 3030 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ മാത്രം ഇന്ന് 55 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 690 ആയി. തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios