Asianet News MalayalamAsianet News Malayalam

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; നാല് പ്രതികള്‍ പിടിയില്‍, രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാല് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തി.

4 person arrested, 2 policemen suspended in jharkhand mob lynching case
Author
Ranchi, First Published Jun 24, 2019, 7:48 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്‍ ഒറാഓണ്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ബിബിന്‍ ബിഹാരി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രധാന പ്രതിയായ പപ്പു മണ്ഡല്‍, കമല്‍ മഹ്തോ, പ്രേംചന്ദ് മഹ്ലി, ഭീം മണ്ഡല്‍, സൊനാമു പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. 

സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മരത്തില്‍കെട്ടിയിട്ട തബ്രിസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും ആരോപണമുയര്‍ന്നു. 

പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലെത്തിച്ച തബ്രിസ് നാല് ദിവസത്തിന് ശേഷം മരിച്ചു.  കസ്റ്റഡിയില്‍വച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് തബ്രിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാല് ഗുലാം നബി ആസാദ് ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios