ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ എന്തിന് പോയെന്ന ചോദ്യമാണ് കബിൽ സിബൽ ഉയർത്തുന്നത്

ദില്ലി: വോട്ട് കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചോദ്യങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. ബിഹാർ തെരഞ്ഞെടുപ്പിലും വോട്ട് കൊള്ള നടക്കാനുള്ള സാധ്യത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി ഉയർത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ ബി ജെ പിക്കെതിരെ കൂട്ടത്തോടെ രംഗത്തുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുമായി കപിൽ സിബൽ എം പിയും രംഗത്തെത്തിയിരിക്കുകയാണ്. ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ എന്തിന് പോയെന്ന ചോദ്യമാണ് കബിൽ സിബൽ ഉയർത്തുന്നത്. ഈ ദിവസങ്ങളിൽ 6000 പേരുമായി പോയ 4 സ്പെഷ്യൽ ട്രെയിനുകളിലുണ്ടായിരുന്നത് യഥാർത്ഥ വോട്ടർമാരാണോ അതോ എന്തെങ്കിലും പ്ലാൻഡ് ഓപ്പറേഷനാണോ എന്നും സിബൽ ചോദിച്ചു.

ഛഠ് പൂജയ്ക്ക് പോലും ഓടാത്ത സ്പെഷ്യൽ ട്രെയിൻ

യഥാർത്ഥ വോട്ടർമാർക്ക് പ്രത്യേക ട്രെയിൻ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഛഠ് പൂജയ്ക്ക് പോലും ഓടാത്ത സ്പെഷ്യൽ ട്രെയിൻ അന്ന് ഓടിയത് എന്തിനെന്നത് സംശയാസ്പദമാണെന്നും മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. തന്‍റെ ചോദ്യങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരം പറയണമെന്നും സിബൽ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി

അതിനിടെ കപിൽ സിബലിന് മറുപടിയുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തി. ഉത്സവ സീസണിൽ എവിടെ പെട്ടെന്ന് തിരക്കുണ്ടായാലും പെട്ടെന്ന് സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നാണ് റെയിൽവേയുടെ മറുപടി. അതാണ് ബിഹാറിലും സംഭവിച്ചതെന്നും റെയിൽവേ മന്ത്രാലയം വിവരിച്ചു.

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. മറ്റന്നാൾ 20 ജില്ലകളിലായി 122 മണ്ഡലങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, എൻഡിഎ 160-ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിഹാറിലെ അർവാൾ റാലിയിൽ സംസാരിച്ച ഷാ, രാജ്യത്ത് നിന്നും ബിഹാറിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പൂർണമായി നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും അവർ രാഹുലിന്റെ വോട്ട് ബാങ്കാണെന്നും ഷാ ആരോപിച്ചു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ആവർത്തിച്ചു. വോട്ടർ പട്ടിക പരിഷ്കരണം വോട്ട് കൊള്ളയെ നിയമവിധേയമാക്കിയെന്ന് ആരോപിച്ച അദ്ദേഹം, സമസ്തപൂരിൽ കണ്ടെത്തിയ വിവിപാറ്റ് സ്ലിപ്പുകൾ മോക്ക് പോളിംഗിനുള്ളതാണെന്ന കമ്മീഷന്റെ വിശദീകരണം തള്ളി. ആർജെഡി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ അവസാന ദിനം മധ്യപ്രദേശിൽ ജംഗിൾ സഫാരി നടത്തിയ രാഹുലിനെ ബിജെപി പരിഹസിച്ചു – തോൽവി മുന്നിൽ കണ്ട് രാഹുൽ സ്ഥലം വിട്ടെന്നും രാഷ്ട്രീയം ഇനിയും മനസിലായിട്ടില്ലെന്നും ബിജെപി ആരോപിച്ചു. രണ്ടാം ഘട്ടത്തിൽ ബംഗ്ലാദേശ്, നേപ്പാൾ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള സീമാഞ്ചൽ മേഖലയും എൻഡിഎയുടെ ശക്തികേന്ദ്രങ്ങളായ കിഴക്കൻ-പടിഞ്ഞാറൻ ചമ്പാരൻ പ്രദേശങ്ങളും ഈ ഘട്ടത്തിലാണ്. ഈ 40-ഓളം സീറ്റുകളുടെ ഫലം ജയപരാജയങ്ങൾ നിർണയിക്കും. ആദ്യ ഘട്ടത്തിലെ 64.66% പോളിംഗ് 1951 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്നതിനാൽ, രണ്ടാം ഘട്ടവും ആവേശകരമാകുമെന്നാണ് പ്രതീക്ഷ.