മുംബൈ: മഹാരാഷ്ട്രയിലെ റായ്ഘട്ടില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി. 19 മണിക്കൂർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന കുട്ടിയെ ചൊവ്വാഴ് ഉച്ചയോടെയാണ് കണ്ടെത്തിയത്. മഹദിലെ താരക് ഗാര്‍ഡന്‍ എന്ന അഞ്ചുനിലയുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. 

ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ പൊട്ടിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടെങ്കിലും കുട്ടിക്ക് വലിയ പരിക്കുകള്‍ പറ്റിയിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം കണ്ടുനിന്ന നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്തപ്പോള്‍ ആര്‍പ്പുവിളിക്കുന്നത് വീഡിയോയിൽ കാണാം. 

കുട്ടിയുടെ കുടുബത്തിലെ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഇനിയും അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്ന് കുട്ടിയുടെ അമ്മായി പറഞ്ഞു. അപകടത്തില്‍ 11മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.പ്രദേശത്ത് നിന്ന് ഒന്‍പത് പേരെ രക്ഷപ്പെടുത്തി. 18 താമസക്കാരെക്കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാട്ടുകാരുടെ സഹായത്താല്‍ എന്‍ഡിആര്‍എഫും പൊലീസും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്. അതേസമയം, കെട്ടിടത്തിന്റെ കരാറുകാരനും വാസ്തുശില്പിക്കും എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.