Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ ജയിലിലെ 40 തടവുപുള്ളികൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45കാരനിൽ നിന്നാണ് കൊവിഡ് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്. ഇയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

40 prisoners in mumbai arthur road jail confirmed covid maharashtra updates
Author
Arthur Road Central Jail, First Published May 7, 2020, 5:24 PM IST

മുംബൈ: മഹാരാഷ്ട്രയിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന 40 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45കാരനിൽ നിന്നാണ് കൊവിഡ് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്. ഇയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുംബൈയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. മുംബൈയിൽ നിന്നുള്ളവർക്ക് തൊട്ടടുത്ത മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കുകയാണ്.

കല്ല്യാൺ ഡോംബി വലി കോർപ്പറേഷനാണ് ആദ്യം വിവാദ ഉത്തരവ് ഇറക്കിയത്. പൊലീസും ഫയർഫോഴ്സും, ഡോക്ടർമാരുമടക്കം അവശ്യ സ‍ർവീസുകൾക്കായി മുംബൈയിലുള്ളവരെ തിരികെ പ്രവേശിപ്പിക്കില്ല. ഇങ്ങനെ വന്നവരാണ് രോഗികളിൽ ഭൂരിഭാഗമെന്നാണ് വാദം. ഈ സാഹചര്യത്തിൽ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ തന്നെ താമസമൊരുക്കാൻ മുംബൈ കോർപ്പറേഷൻ തയാറാകണെമെന്ന് കല്ല്യാൺ ഡോംബിവലി മുനിസിപ്പൽ കമ്മീഷണർ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരമെന്ന് മുംബൈ കോർപ്പറേഷൻ വിമർശിച്ചു. പക്ഷെ താനെ, മീര ബയന്തർ, വസായ്, ഉല്ലാസ് നഗർ തുടങ്ങിയ മുനിസിപ്പൽ കോർപ്പറേഷനുകളും സമാന ആവശ്യം ഉയർത്തി. 

അതേസമയം വിദേശത്തുള്ള മഹാരാഷ്ട്ര സ്വദേശികളുമായി മൂന്ന് വിമാനങ്ങൾ നാളെ മുംബൈയിലെത്തും. ലണ്ടൻ, സിങ്കപ്പൂർ, അമേരിക്കയിലെ സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ നാളെ മുംബൈയിൽ എത്തുക. സാൻഫ്രാൻസിസ്കോ വിമാനം ഹൈദരാബാദിലേക്കും പറക്കും. ഈ ആഴ്ച ഏഴ് വിമാനങ്ങളിലായി 2000 പേർ മുംബൈയിലെത്തും. 

തിരിച്ചെത്തുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. അല്ലാത്തവരെ 14 ദിവസം പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ച ശേഷമേ പുറത്ത് വിടൂ. സംസ്ഥാനത്തിനകത്ത് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരവരുടെ ജില്ലകളിലെത്തിക്കാൻ 10,000 ബസ് സർവീസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള 20 കോടി ചെലവും സർക്കാർ തന്നെ വഹിക്കും.

Follow Us:
Download App:
  • android
  • ios