ഗുവാഹത്തി: ബിജെപിക്ക് വോട്ടുചെയ്തില്ലെന്ന് ആരോപിച്ച് 426 മുസ്ലീം കുടുംബങ്ങളെ അസ്സമില്‍ അവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കിവിട്ടതായി റിപ്പോര്‍ട്ട്. ബലമായി വീട്ടില്‍നിന്ന് പിടിച്ചിറക്കിവിട്ടതിന് പുറമെ ഇവരുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുതകര്‍ത്തുകളഞ്ഞു. അസ്സമിലെ ബിശ്വനാഥില്‍ ഡിസംബര്‍ ആറിനാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ദേശീയമാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. 

426 കുടുംബങ്ങളിലായി 1800 പേരാണ് ഇതോടെ കിടപ്പാടം നഷ്ടപ്പെട്ടവരായി മാറിയത്. ദേശീയ പൗരത്വപട്ടികയില്‍ പേരുള്ളവരാണ് ഇവര്‍ എല്ലാവരും. ഡിസംബറിലെ കൊടുംമഞ്ഞില്‍ തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ കഷ്ടപ്പെടുകയാണ് ഇവരിപ്പോള്‍. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളോ കഴിക്കാന്‍ ഭക്ഷണമോ ഇവരുടെ പക്കലില്ല. 

പ്രദേശത്തെ എംഎല്‍എയായ പദ്മഹസാരികയാണ് ഇതിന് പിന്നിലെന്ന് ജമാഅത്തെ ഇ ഇസ്ലാമി ഹിന്ദ് സംഘടനയുടെ സെക്രട്ടറി മുഹമ്മദ് അഹ്മദ് പറഞ്ഞു. തനിക്ക് വോട്ടുചെയ്യുന്നവരല്ലെന്ന് ആരോപിച്ചാണ് എംഎല്‍എ ഇവരെ വീട്ടില് നിന്ന് പിടിച്ചിറക്കിവിട്ട് വീടുകള്‍ തകര്‍ത്തത്. എംഎല്‍എയാണ് തങ്ങളെ ആക്രമിച്ചതെന്ന് ബാധിക്കപ്പെട്ട മുസ്ലീം കുടുംബങ്ങള്‍ പറഞ്ഞു. 

ഇതുവരെ ഒരു സാമൂഹിക, സാംസ്കാരി രാഷ്ട്രീയ മനുഷ്വാവകാശ പ്രവര്‍ത്തകരാരും ഇവരെ സന്ദര്‍ശിച്ചിട്ടില്ല. യാതൊരു വിധ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. ഗുവാഹത്തിയില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചതിനെത്തുടര്‍ന്ന് ഇവിടെയെത്തി വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല.