കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി

ദില്ലി: ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ നാളെ തന്നെ തീരുമാനം എടുക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കൊളിജീയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. ഇതിൽ 44 എണ്ണത്തിലാണ് നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. മറ്റു ശുപാർശകളിൽ ഉടനടി തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കൊളീജിയം ശുപാർശകൾ വൈകുന്നതിൽ ആവർത്തിച്ച് സുപ്രീം കോടതി അതൃപ്തി അറിയിക്കുന്നുണ്ട്. ഇത് കേന്ദ്രവും സുപ്രീം കോടതി ജഡ്ജിമാരും തമ്മിൽ പരോക്ഷ വാക്പോരിലേക്കടക്കം നയിച്ചിരുന്നു. 

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് സുപ്രീം കോടതി നീരീക്ഷിച്ചിരുന്നു. കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാർശ കേന്ദ്രം മടക്കുന്നത് വിഷയമാണെന്ന് ജസ്റ്റിസ്‌ സഞ്ജയ്‌ കിഷൻ കൗൾ വ്യക്തമാക്കി. കേന്ദ്രം മടക്കിയ ശുപാർശകളിൽ എന്ത് തുടർ നടപടി സ്വീകരിക്കണം എന്നതിനെ കുറിച്ച് സുപ്രീം കോടതി കൊളീജിയം ഉടൻ ചർച്ച ചെയ്യുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അറിയിച്ചു. ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ നാളെ തന്നെ തീരുമാനം എടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആകെ 104 ശുപാർശകൾ കൊളീജീയത്തിൽ നിന്ന് ലഭിച്ചെന്നും ഇതിൽ ഉടനടി തീരുമാനമുണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു