Asianet News MalayalamAsianet News Malayalam

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത, സുനാമി മുന്നറിയിപ്പില്ല

തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടര്‍ന്ന് നാശവും ഉണ്ടായിട്ടില്ല.

5.1 magnitude earthquake hits Bay of Bengal no warning for tsunami
Author
First Published Dec 5, 2022, 10:08 PM IST

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ  5.1 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിശദമാക്കുന്നത് അനുസരിച്ച് രാവിലെ 8.32 നാണ് ഭൂകമ്പമുണ്ടായത്. കടല്‍ നിരപ്പിന് 10കിലോമീറ്റര്‍ താഴെയാണ് പ്രകമ്പനമുണ്ടായക്. കൊല്‍ക്കത്തയില്‍ നിന്ന് 409 കിലോമീറ്റര്‍ തെക്ക് കിഴക്കും പുരിയില്‍ നിന്ന് 421 കിലോമീറ്റര്‍ കിഴക്കും ഭവനേശ്വറില്‍ നിന്ന് 434 കിലോമീറ്റര്‍ തെക്ക് കിഴക്കും ഹല്‍ദിയയില്‍ നിന്ന് 370 കിലോമീറ്റര്‍ തെക്ക് കിഴക്കുമാണ് പ്രകമ്പനം ഉണ്ടായ ഇടം.

തീരമേഖലയില്‍ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടര്‍ന്ന് നാശവും ഉണ്ടായിട്ടില്ല. ഒഡിഷ മേഖലയില്‍ പ്രളയ സാധ്യതയില്ലെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി  വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം 24ന് ചെന്നൈ തീരത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ കടല്‍ത്തട്ടില്‍ ചെറിയ  വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ നദീ തടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന നിരന്തര നിരീക്ഷണത്തിലാണ് ഗവേഷകരുള്ളത്. ഇങ്ങനെ സംഭവിച്ചാല്‍ സുനാമി സാധ്യതകള്‍ ഉള്ളതിനാലാണ് ഇത്.

ഇത്തരം വിള്ളലുകളാണ് പലപ്പോഴും സുനാമിയിലേക്ക് നയിക്കാറെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. നിലവിലെ ഭൂകമ്പത്തില്‍ ഇത്തരം സാധ്യതകള്‍ ഇല്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ മധ്യഭാഗം ഭൂകമ്പങ്ങള്‍ സജീവമായ മേഖല അല്ല. എന്നാല്‍ ഇന്തോനേഷ്യ സുനാമിയിലേക്ക് നയിക്കുന്ന ഭൂകമ്പങ്ങളുണ്ടാക്കുന്ന സജീവ സാധ്യതയുള്ള മേഖലയാണ്. ഇന്തോനേഷ്യ പസഫിക് അഗ്നിവലയത്തില്‍ നില്‍ക്കുന്നതിനാല്‍ ഭൂകമ്പ സാധ്ത അധികമാണെന്നും ഗവേഷകര്‍ പറയുന്നു. 

നേരത്തെ നവംബര്‍ രണ്ടാം വാരത്തില്‍ ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍  5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചത്. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു പ്രകമ്പനമാണ് ഉണ്ടായത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം. നോയിഡയിലും ​ഗുരു​ഗ്രാമിലും ശക്തമായ പ്രകമ്പനങ്ങളുണ്ടായി. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും സമാന അനുഭവം ഉണ്ടായതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.

Follow Us:
Download App:
  • android
  • ios