ലഖ്നൗ: ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതിനാൽ കുടുംബം പോറ്റാൻ കഴിയുന്നില്ലെന്ന് കത്തെഴുതി വച്ച് അമ്പതുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിപൂർ സ്വദേശി ഭാനു പ്രകാശ് ​ഗുപ്തയാണ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തത്. 

ഹോട്ടൽ തൊഴിലാളിയായിരുന്ന ഭാനുപ്രകാശിന് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. അമ്മയും ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് ഭാനുപ്രകാശിന്റെ കുടുംബം. റേഷൻ ലഭിച്ച അരി തികയില്ലെന്നും മറ്റ് സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. എന്നാൽ, ഇയാൾക്കും കുടുംബത്തിനും ആവശ്യത്തിന് റേഷൻ നൽകിയിരുന്നു എന്നാണ് ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചത്. 

അതിനിടെ, ആത്മഹത്യക്ക് പിന്നാലെ ഉത്തർപ്രദേശ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി രം​ഗത്തെത്തി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന തിരക്കിൽ ആത്മഹത്യ കുറിപ്പ് ഉത്തർപ്രദേശ് സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പ്രിയങ്കാ ​ഗാന്ധി ആരോപിച്ചു. അതേസമയം, ഭാനു പ്രകാശിന്റെ കുടുംബത്തിന് സംസ്ഥാനസർക്കാർ സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. 

 

Read Also: പൈലറ്റിന് കൊവിഡ്; ദില്ലി-മോസ്കോ വിമാനം തിരികെ വിളിച്ചു...