'ശബ്ദം ഇഷ്ടപ്പെട്ടില്ല', 50 കാരൻ കൊലപ്പെടുത്തിയത് 3 പേരെ, അപൂർവ്വ രോഗബാധിതനെന്ന് പൊലീസ്
പിടികൂടിയതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഓഗസ്റ്റ് 18ന് നടന്നത് ഇയാളുടെ ആദ്യത്തെ കൊലപാതകം അല്ലെന്ന് വ്യക്തമായത്. ചിലതരം ശബ്ദങ്ങളോട് രൂക്ഷമായ രീതിയിൽ പ്രതികരിക്കുന്ന മിസോഫോണിയ എന്ന വളരെ അപൂർവ്വമായ അവസ്ഥയാണ് 50കാരനുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്
അഹമ്മദാബാദ്: അലോസരപ്പെടുത്തുന്ന ശബ്ദത്തിൽ സംസാരിച്ചതിന് പിന്നാലെ 50കാരൻ രണ്ട് പേരെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഓഗസ്റ്റ് 18ന് നടന്ന കൊലപാതകത്തിലെ പ്രതിയായ 50കാരനെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്ന ഈശ്വർ മജിരാന എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ബനാസ്കാന്തയിലെ ദീസ സ്വദേശിയായ ഇയാളെ പിടികൂടിയതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഓഗസ്റ്റ് 18ന് നടന്നത് ഇയാളുടെ ആദ്യത്തെ കൊലപാതകം അല്ലെന്ന് വ്യക്തമായത്.
അതിഥി തൊഴിലാളിയായ 25കാരൻ ദീപക് കുമാർ ലോധി എന്നയാളാണ് ഓഗസ്റ്റ് 18ന് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ ഉന്നാവോ സ്വദേശിയാണ് ഇയാൾ. ദീസ പലൻപൂർ ദേശീയപാതയിൽ കബീർ ഹോട്ടലിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. 200ൽ ഏറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഓഗസ്റ്റ് 18ന് രാത്രി 8 മണിയോടെ കുഷ്കാൽ ഗ്രാമത്തിന് സമീപത്തെ ബസ് സ്റ്റാൻഡിൽ ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവിടെ എത്തിയ മൂന്ന് പേർ സംസാരിച്ചത് ഉറക്കം കളഞ്ഞതിനേ തുടർന്നാണ് ആക്രമിച്ചതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. റോഡിലെ ഡിവൈഡറിൽ നിന്ന് കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വിശദമാക്കുന്നു.
പരിക്കേറ്റ് രണ്ട് പേർ വീഴുകയും ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തതിന് പിന്നാലെ ബസ് സ്റ്റാൻഡിൽ നിന്ന് സാധനങ്ങളെടുത്ത് ഇയാൾ സ്ഥലം വിടുകയായിരുന്നു. നാല് വർഷം മുൻപ് പ്രവീൺ പർമാർ എന്നയാളെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് നിലവിലെ കൊലപാതകമെന്നാണ് പൊലീസ് വിശദമാക്കുന്നത്. പതിനഞ്ച് മാസങ്ങൾക്ക് മുൻപ് ദീസയിലെ ദേശീയ പാതയിലെ പാലത്തിന് കീഴിൽ വച്ച് ശ്രാവണ റാവൽ എന്നയാളും ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ മറ്റൊരു സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഒരു ലക്ഷത്തിൽ ഒരാൾക്ക് കാണപ്പെടുന്ന വിചിത്രമായ അസുഖബാധിതനാണ് ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിലതരം ശബ്ദങ്ങളോട് രൂക്ഷമായ രീതിയിൽ പ്രതികരിക്കുന്നതാണ് ഈ അസുഖ ബാധിതരുടെ സ്വഭാവം. മിസോഫോണിയ എന്ന വളരെ അപൂർവ്വമായ അവസ്ഥയാണ് 50കാരനുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം