Asianet News MalayalamAsianet News Malayalam

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1 എന്‍1; യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്

കേസുകൾ പരിഗണിക്കുന്നതിൽ പ്രതിസന്ധി നേരിട്ടുന്നതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മറ്റ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 

6 Supreme Court judges down with suspected H1N1
Author
Delhi, First Published Feb 25, 2020, 12:13 PM IST

ദില്ലി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 പനി ബാധിച്ചെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മോഹന ശാന്തന ഗൗഡർ, എ എസ് ബൊപ്പണ്ണ, ആർ ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുന്നതായും ചന്ദ്രചൂഡ്‌ സുപ്രീംകോടതിയിൽ പറഞ്ഞു. കേസുകൾ പരിഗണിക്കുന്നതിൽ പ്രതിസന്ധി നേരിട്ടുന്നതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മറ്റ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 

നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. എന്നാല്‍ ജഡ്ജിമാര്‍ കോടതിമുറിയില്‍ എത്തിച്ചേരാന്‍ താമസിക്കുന്നതിന്റെ കാരണം കോര്‍ട്ട് മാസ്റ്റര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്. പല ജഡ്ജിമാരും മുഖാവരണം ധരിച്ചാണ് ഇന്ന് വാദം കേൾക്കാൻ കോടതിയിൽ എത്തിയത്.

Follow Us:
Download App:
  • android
  • ios