മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് മാഞ്ചി രാഹുലിന്‍റെ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ യാത്രയെന്ന് മാഞ്ചി പറയുന്നു.
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടപ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പം സൈക്കിളിൽ സഞ്ചരിക്കുന്ന 60 വയസുകാരനുണ്ട്. ബീഹാർ സ്വദേശി സത്യദേവ് മാഞ്ചിയാണ് തന്‍റെ പഴസ സൈക്കിളില് രാഹുലിന്‍റെ യാത്രയെ അനുഗമിക്കുന്നത്. യാത്രയിലെ ഔദ്യോഗിക അംഗമല്ലെങ്കിലും ഇൻഡോർ മുതൽ തന്‍റെ സൈക്കിളുമായി രാഹുലിന്‍റെ യാത്രക്കൊപ്പമുണ്ട് സത്യദേവ്. നേരത്തെ കർഷകസമരത്തിലും സജീവ പങ്കാളിയായിരുന്നു സത്യദേവ് മാഞ്ചി.
രാജ്യത്തിന് ജാഗ്രത നൽകാനാണ് ഈ യാത്രയെന്നും ഇത് ജനങ്ങൾക്ക് വേണ്ടിയാണെന്നുമാണ് ഈ അറുപത് വയസുകാരന്‍ പറയുന്നത്. രാഹുലിനൊപ്പം ശ്രീനഗർ വരെ യാത്ര തന്‍റെ സൈക്കിളില്‍ യാത്ര ചെയ്യാനാണ് സത്യദേവിന്‍റെ തീരുമാനം. രാജ്യത്തെ തിരിച്ച് പിടിക്കാനായി എല്ലാ തൊഴിലാളികളും, കർഷകരും ഈ യാത്രക്കൊപ്പം ചേരണമെന്ന് സത്യദേവ് പറയുന്നു.
മോദി സര്‍ക്കാരിനെ പിടിച്ചുലച്ച കർഷകസമരത്തിലാണ് സത്യദേവ് മാഞ്ചി ആദ്യം തന്‍റെ സൈക്കിളുമായി എത്തിയത്. ദില്ലി അതിർത്തിയിലെ കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബീഹാറിലെ സിവാനിൽ നിന്ന് പതിനൊന്ന് ദിവസം കൊണ്ട് ആയിരം കിലോമീറ്റർ ചവിട്ടിയാണ് സത്യദേവ് മാഞ്ചി സിംഘുവിൽ എത്തി. ഒരു വർഷത്തോളം സമരക്കാരോടൊപ്പം കഴിഞ്ഞ മാഞ്ചി സമരം വിജയിച്ച് ആ സന്തോഷത്തിൽ ഗ്രാമത്തിലേക്ക് സൈക്കിളുമായി മടങ്ങി.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയതോടെ വീണ്ടും അതേസൈക്കിളിൽ യാത്ര തുടങ്ങിയിരിക്കുകയാണ് ഈ വൃദ്ധന്‍. മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് മാഞ്ചി രാഹുലിന്‍റെ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ യാത്രയെന്ന് മാഞ്ചി പറയുന്നു. രാവിലെ യാത്രക്കൊപ്പം സൈക്കിളിൽ സത്യദേവ് മാഞ്ചിയും യാത്ര തുടങ്ങും സഞ്ചരിക്കും. യാത്ര അവസാനിക്കുന്നിടത്ത് താമസിക്കും. ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന്റെ പ്രതാപം തിരിച്ചു പിടിക്കുമെന്നാണ് മാഞ്ചി പറയുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയാകുമെന്നാണ് തന്റെ വിശ്വാസമെന്നും മാഞ്ചി പറയുന്നു.

