അഗര്‍ത്തല: ത്രിപുരയിലെ മൂന്ന് ജില്ലകളില്‍ വിതരണം ചെയ്തിരുന്ന പ്രദേശിക പത്രത്തിന്‍റെ 6000 കോപ്പികള്‍ നശിപ്പിച്ചു. 'പ്രതിബദ്ധി കലം' എന്ന പ്രദേശിക പത്രത്തിന്‍റെ വിവിധ ഇടങ്ങളിലേക്ക് ബസുകളില്‍ വിതരണത്തിനായി ശനിയാഴ്ച രാവിലെ അയച്ച  കോപ്പികളാണ് നശിപ്പിക്കപ്പെട്ടത്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ നിന്നാണ് പത്രം അയച്ചത്. സംഭവത്തില്‍ രാധകിഷോര്‍പോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നുമാണ് സംസ്ഥാന പൊലീസ് ഡിജി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. 

അതേ സമയം സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടുന്ന 150 കോടി അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി കൊടുക്കുന്ന പത്രത്തിന്‍റെ കോപ്പികളാണ് നശിപ്പിക്കപ്പെട്ടത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം. 'കഴിഞ്ഞ മൂന്ന് ദിവസമായി 150 കോടിയുടെ അഴിമതിയുടെ വാര്‍ത്തകള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്, ഇതില്‍ സംസ്ഥാന കൃഷി മന്ത്രി പ്രാണ്‍ജിത്ത് റോയിയുടെയും ചിലരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു' - 'പ്രതിബദ്ധി കലം'  എഡിറ്റര്‍ അനോള്‍ റോയി ചൌദരി പ്രതികരിച്ചു.

6,000 കോപ്പികളില്‍ പകുതിയും കത്തിക്കുകയും ബാക്കിയുള്ളവ കീറി എറിയുകയും ചെയ്യുകയാണ് ഉണ്ടായത്. എഡിറ്റര്‍ പ്രതികരിച്ചു. രാജ മജുംദര്‍ എന്നയാളുടെ നേതൃത്വത്തില്‍ 11 പേരാണ് പത്രം നല്‍കിയ പരാതിയില്‍ അഗര്‍ത്തല സബ്രൂം റൂട്ടില്‍ അനധികൃതമായി പത്രകെട്ടുകള്‍ ഇറക്കി നശിപ്പിച്ചതായി പറയുന്നത്. പത്രക്കെട്ടുകള്‍ കൊണ്ടുപോയ എല്ലാ ബസുകളും ഇവര്‍ തടഞ്ഞതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍  വ്യക്തമായ പരാതി നല്‍കിയിട്ടും പൊലീസ് കുറ്റവാളികളെ തിരിച്ചറിയാത്തത് അത്ഭുതമാണെന്നും പത്രത്തിന്‍റെ എഡിറ്റര്‍ ആരോപിച്ചു. അതേസമയം അഗര്‍ത്തല പ്രസ് ക്ലബ് സംഭവത്തിലെ കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടണം എന്ന് ത്രിപുര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നാല്‍ യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തുന്നത് തടസ്സപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് ത്രിപുരയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ഭട്ടചാര്യ പ്രതികരിച്ചു.